വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടണം-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ അന്തിമമായി പേര് ചേര്‍ക്കാനുള്ള സമയ പരിധി നവംബര്‍ 2 തിങ്കളാഴ്ച വരെ നീട്ടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് ആവശ്യപ്പെട്ടു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലെ തിരക്കുകാരണം നിരവധി വോട്ടര്‍മാര്‍ക്ക് പ്രസ്തുത സൈറ്റില്‍ കയറാനും പേര് ചേര്‍ക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്. അന്തിമമായി പേര് ചേര്‍ക്കാനുള്ള അവസരമെന്ന നിലയില്‍ ധാരാളം വോട്ടര്‍മാര്‍ ഓണ്‍ലൈനിലൂടെ പേര് ചേര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കമ്മിഷന്റെ സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നുള്ള വ്യാപകമായ പരാതി ഉയരുന്നുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ പേര് ചേര്‍ക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി ലഭ്യമാവാത്തതും ഇലക്ഷന്‍ കമ്മിഷന്റെ സൈറ്റില്‍ നിരവധി ആളുകള്‍ ഒരേ സമയം പേര് ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍വര്‍ ഡൗണ്‍ ആവുന്നതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാനുള്ള വോട്ടര്‍മാരുടെ മൗലികാവകാശത്തെ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.