കൊവിഡ് ബാധിച്ച് മരിച്ച തിരൂരങ്ങാടി സ്വദേശിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍
തിരൂരങ്ങാടി വെള്ളിലക്കാട് റോഡിലെ കല്ലുങ്ങലകത്ത് കുഞ്ഞിമോന്‍ എന്ന അബ്ദുല്‍ ഖാദര്‍ ഹാജി (70) ആണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
തിരൂരങ്ങാടി: കൊവിഡ് ബാധിച്ച് മരിച്ച തിരൂരങ്ങാടി സ്വദേശിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. തിരൂരങ്ങാടി വെള്ളിലക്കാട് റോഡിലെ കല്ലുങ്ങലകത്ത് കുഞ്ഞിമോന്‍ എന്ന അബ്ദുല്‍ ഖാദര്‍ ഹാജി (70) ആണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ബന്ധുക്കള്‍ മുഴുവനും ക്വാറന്റൈനില്‍ ആയതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ എസ്ഡിപിഐ പ്രവര്‍ത്തകരോട് ആവശ്യപെടുകയായിരുന്നു.
എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സിക്രട്ടറി റിയാസ് കുരിക്കള്‍, എസ്ഡിപിഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് ജലീല്‍ ചെമ്മാട്, സിക്രട്ടറി ജമാല്‍ തിരൂരങ്ങാടി, മുന്‍ ഡിവിഷന്‍ പ്രസിഡന്റ് ഉസ്മാന്‍, പ്രവര്‍ത്തകരായ ജുനൈദ്, അനീസ്, സിദ്ധീഖ് എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ എല്ലാ സഹായങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മഞ്ചേരി മണ്ഡലം എസ്ഡിപിഐ നേതാക്കളായ ലത്തീഫ്, കുഞ്ഞിപ്പ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. തിരൂരങ്ങാടി, മഞ്ചേരി മെഡിക്കല്‍ ഓഫിസര്‍മാര്‍, തിരൂരങ്ങാടി പോലിസ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍ ഹംസ എന്നിവരുടെ സാന്നിധ്യത്തിലാണ് കര്‍മങ്ങള്‍ നടന്നത്.
ദീര്‍ഘകാലം ചെമ്മാട് ടൗണിലെ വ്യാപാരി വ്യവസായി ഏകോപന സമതി എക്‌സിക്യുട്ടീവ് അംഗമായിരുന്നു മരിച്ച അബ്ദുല്‍ ഖാദര്‍ ഹാജി. തിരൂരങ്ങാടി പള്ളിപ്പറമ്പ് നൂറുല്‍ ഹുദാ മദ്‌റസ കണ്‍വീനര്‍, കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ്, എസ്എംഎ തിരൂരങ്ങാടി റീജ്യണല്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: സഫിയ്യ. മക്കള്‍: ശബീര്‍, സ്വാദിഖ് (ബെംഗളൂരു) ശഫീഖ്, ശിഫ, ശാക്കിറ. മരുമക്കള്‍: ഒ കെ ജഅഫര്‍ (ഊരകം), സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്രി (കൊടിഞ്ഞി ), ശബീബ, നാജിയ, നസ്റീന.