അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോടെ മഴ; മൂന്ന് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പുതിയതായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോടെ മഴ
അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാലു ക്യാംപുകളിലായി 87 പേരെ മാറ്റിപാര്‍പ്പിച്ചതായി ലാന്റ് റവന്യു കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാംപുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ കാംപുകളിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയില്‍ നാലും എറണാകുളത്ത് എട്ടും പേരാണ് കാംപുകളില്‍ കഴിയുന്നത്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങള്‍ കാംപുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 4,23,080 പേരെ താമസിപ്പിക്കാന്‍ കഴിയും. കോഴിക്കോട് കസബയില്‍ തൊപ്പയില്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 25 വീടുകളില്‍ വെള്ളം കയറി. ഇവിടെ കഴിഞ്ഞിരുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി.