വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ തുടര്‍ച്ചയായി മര്‍ദ്ദനം; സെഷന്‍സ് ജഡ്ജ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തടവുകാര്‍ നിരാഹാരത്തില്‍

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് തൃശൂര്‍ സെഷന്‍സ് ജഡ്ജ് നേരിട്ടെത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് രാഘവേന്ദ്ര, സുരേഷ് എന്നീ തടവുകാര്‍ നിരാഹാരമനുഷ്ടിക്കുന്നത്

Update: 2022-01-13 13:54 GMT

തിരുവനന്തപുരം: വിയ്യൂര്‍ അതിസുരക്ഷ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളിലും മര്‍ദ്ദനത്തിലും പ്രതിഷേധിച്ച് തടവുകാര്‍ നിരാഹാരത്തില്‍. രാഘവേന്ദ്ര, സുരേഷ് എന്നീ തടവുകാരാണ് ഇന്ന് രാവിലെ മുതല്‍ നിരാഹാരമനുഷ്ടിക്കുന്നത്.

അതിസുരക്ഷ ജയില്‍ രണ്ടാം നിലയിലെ ഒരു തടവുകാരന്‍ രോഗം ബാധിച്ച് ഏറെ നേരം നിലവിളിച്ചിരുന്നു. രോഗാവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് സഹതടവുകാരും ഉച്ചത്തില്‍ നിലവിളിച്ചു. ഏറെ നേരത്തിന് ശേഷമാണ് ജയില്‍ സുരക്ഷ ചുമതലയുള്ള ഐആര്‍ബി സംഘമെത്തി അദ്ദേഹത്തെ സെല്ലില്‍ നിന്നും മാറ്റിയത്.

അതേസമയം, നിലവിളിച്ചു എന്ന കാരണം പറഞ്ഞു സഹതടവുകാരെ റിസര്‍വ് ബറ്റാലിയന്‍ പോലിസ് മര്‍ദ്ദിച്ചു. ഒരു മാസം മുന്‍പും ഇതുപോലെ പോലിസ് മര്‍ദ്ദിച്ചിരുന്നു. സഹതടവുകാരനായ സുരേഷിനെയാണ് പോലിസ് കാര്യമായി മര്‍ദ്ദിച്ചത്. സുരേഷിനൊപ്പമുള്ള രാഘവേന്ദ്രയെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സ്ഥിരമായി ഇത്തരത്തില്‍ റിസര്‍വ് ബറ്റാലിയന്‍ പോലിസ് മര്‍ദ്ദനം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ചാണ് രണ്ടുപേരും ഇന്ന് രാവിലെ മുതല്‍ നിരാഹാരമനുഷ്ടിക്കുന്നത്. അതിസുരക്ഷ ജയിലില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ തൃശ്ശൂരിലെ സെഷന്‍സ് കോടതി ജഡ്ജി നേരിട്ടെത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം കിടക്കുന്നത്. തടവുകാരെ പീഡിപ്പിക്കുന്ന ഐആര്‍ബിയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും മാവോവാദി രാഷ്ട്രീയത്തടവുകാരായ ഇവര്‍ ആവശ്യപ്പെടുന്നു.

ജയിലിലെ മര്‍ദ്ദനവും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് പറയുന്നു എന്നാരോപിച്ച് നേരത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് രാഘവേന്ദ്രയുടെ അഭിഭാഷക അഡ്വ. ഷൈന തേജസ് ന്യൂസിനോട് പറഞ്ഞു.

നേരത്തെ, കൊവിഡ് വാക്‌സിനോടനുബന്ധിച്ച് കാലവധി കഴിഞ്ഞ പാരസെറ്റമോള്‍ നല്‍കിയതിനെ തടവുകാരനായ ഡോ. ദിനേശ് ചോദ്യം ചെയ്തിരുന്നു. കക്കൂസില്‍ കാമറ സ്ഥാപിക്കുക, കോടതിയില്‍ പോയി വന്നാല്‍ നഗ്നനാക്കി പരിശോധിക്കുക, തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ എന്‍ഐഎ കോടതിയെയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെയും തടവുകാര്‍ സമീപിച്ചിരുന്നു.

എന്‍ഐഎ കോടതി ഒന്നിലധികം പ്രാവശ്യം ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കിയിട്ടുണ്ട്.

Tags:    

Similar News