വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ഒമ്പത് മരണം; 40 ലേറെ പേര്‍ക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് തലകീഴായി മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ 40ലേറെ പേര്‍ക്ക് പരിക്കേറ്റു. 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്.
കൊട്ടാരക്കര- കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് ടൂറിസ്റ്റ് ബസ്സിടിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് ടൂര്‍ പോയതാണ് 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. പരിക്കേറ്റവരിലേറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ്സിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്.
പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസിലെ വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. എല്‍ന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവല്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍. ദീപു അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍. വിഷ്ണു ആണ് മരിച്ച അധ്യാപകന്‍. ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.