വെള്ള പെയിന്റടിച്ചില്ല; വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തു
കൊല്ലം: വെള്ള പെയിന്റ് അടിക്കാത്തതിന്റെ പേരില്‍ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലത്ത് പിടിച്ചെടുത്തു. ചേര്‍ത്തലയില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച 'വണ്‍ എസ്' എന്ന ബസാണ് പിടിച്ചെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വെള്ളനിറം ബസില്‍ അടിച്ചിരുന്നില്ല. കൊല്ലം നഗരത്തിലെ ടിടിസി കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകാന്‍ എത്തിയ ബസാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് വിനോദയാത്രക്കുള്ള അനുമതി എംവിഡി ഉദ്യോഗസ്ഥര്‍ റദ്ദാക്കി.
സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളര്‍കോഡ് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. നിയമലംഘനത്തിനെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി പുതിയ ഗതാഗത സംസ്‌കാരം സൃഷ്ടിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനം എല്ലാ വാഹനങ്ങള്‍ക്കും ബാധകമായിരിക്കും. ഇക്കഴിഞ്ഞ ദിവസം 19 കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് എതിരെ നടപടിയെടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബര്‍ എട്ട് മുതല്‍ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300 രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. 108 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. നിരത്തിലിറക്കാന്‍ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും റദ്ദാക്കി.