മാരേക്കാട് - കുന്നത്തേരി റോഡില്‍ ഗതാഗതം ദുഷ്‌കരമാകുന്നു

Update: 2020-11-27 17:45 GMT

മാളഃ മാരേക്കാട് - കുന്നത്തേരി റോഡില്‍ ഗതാഗതം ദുഷ്‌കരമാകുന്നുവെന്ന് പരാതി. റോഡില്‍ നിരവധി ഭാഗങ്ങളില്‍ കുഴികള്‍ രുപപ്പെട്ടിട്ടുണ്ട്. പല ഭാഗങ്ങളിലും ടാറിംഗ് ഇളകിപ്പോയി റോഡ് പാടെ തകര്‍ന്ന നിലയിലാണ്. വളവുകളിലെ കുഴികള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായിട്ടുണ്ട്. ചാലക്കുടി, മാള തുടങ്ങിയ ടൗണുകളില്‍ നിന്ന് പുത്തന്‍ചിറ, കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള എളുപ്പ വഴിയായ ഈ റോഡില്‍ കൂടി നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ മുന്‍കൈയെടുത്താണ് മാരേക്കാട് - കുന്നത്തേരി റോഡ് നവീകരിച്ചത്. ഒപ്പം പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന മാരേക്കാട് പാലവും യാഥാര്‍ത്ഥ്യമായതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ റോഡ്പണി കഴിഞ്ഞ് ഏറെക്കഴിയും മുമ്പേത്തന്നെ റോഡിന്റെ തകര്‍ച്ച തുടങ്ങിയിരുന്നു. പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് താഴ്ന്ന് പാലവും റോഡും തമ്മില്‍ അരയടിയോളം വ്യത്യാസവുമുണ്ടായിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ഈ അപകടകരമായ അവസ്ഥക്ക് പരിഹാരം കണ്ടിരുന്നു.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി കുഴികള്‍ അടച്ച് യാത്രാ ക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് മാള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Similar News