താമരശ്ശേരി ചുരത്തില്‍ മരം വീണു; ഗതാഗതക്കുരുക്ക് രൂക്ഷം

Update: 2022-07-15 11:26 GMT

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലിസും സ്ഥലത്തെത്തി. ഒരുമണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ചുരത്തില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. പടിഞ്ഞാറത്തറ മേഖലയിലാണ് കൂടുതല്‍ മഴ പെയ്യുന്നത്. പടിഞ്ഞാറത്തറ മുള്ളന്‍കണ്ടി പാലത്തിന് സമീപമുള്ള റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴ്ന്നു. പുഴയ്ക്ക് സമീപത്തെ റോഡാണ് ഇടിഞ്ഞത്. പോലിസെത്തി ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. കബനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി കരിന്തിരിക്കടവ് റോഡില്‍ ചെറിയ തോതില്‍ വെള്ളം കയറി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News