നേര്യമംഗലത്ത് കൂറ്റന്‍മരം വാഹനങ്ങള്‍ക്കുമേല്‍ വീണ് ഒരാള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

Update: 2024-06-24 13:34 GMT

കൊച്ചി: നേര്യമംഗലം വല്ലാഞ്ചിറയില്‍ കൂറ്റന്‍മരം വാഹനങ്ങള്‍ക്കുമേല്‍ കടപുഴകി ഒരാള്‍ മരിച്ചു. ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, മകള്‍ അഞ്ചുമോള്‍, മരുമകന്‍ ജോബി ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലാണ് കൂറ്റന്‍മരം കടപുഴകിയത്. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കെഎസ്ആര്‍ടിസി ബസിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസിന്റെ പിന്‍ഭാഗം മുഴുവനായി തകര്‍ന്നിട്ടുണ്ട്. നേര്യമംഗലം-കോതമംഗലം റോഡില്‍ വല്ലാഞ്ചിറ താഴ്ഭാഗത്തായി കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം വീണിരുന്നു. ഇതേതുടര്‍ന്ന് ഈ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് മറ്റൊരു മരം കൂടി റോഡിലേക്ക് വീണത്. സംഭവത്തില്‍ വനംവകുപ്പിനെതിരെ ആരോപണവുമായി പ്രദേശത്തെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് അപകടത്തിന് കാരണമെന്ന കവളങ്ങാട് പഞ്ചായത്ത് അംഗം സൈജന്റ് പറഞ്ഞു. നേര്യമംഗലം-കോതമംഗലം റോഡില്‍ വല്ലാഞ്ചിറയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.

Tags:    

Similar News