ചികില്‍സ വൈകി; ആദിവാസി ബാലന്‍ മരിച്ചു: മധ്യപ്രദേശില്‍ മൂന്ന് പേര്‍ക്കെതിരേ എന്‍എസ്എ
ഭോപ്പാല്‍: അടിമത്തൊഴിലാളികളായ ആദിവാസി ദമ്പതികളുടെ മകന്റെ ചികില്‍സ വൈകിപ്പിച്ച് കുട്ടിയുടെ മരണത്തിന് കാരണക്കാരായ മൂന്നു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ഭോപ്പാലില്‍ നിന്ന് 214 കിലോമീറ്റര്‍ അകലെ ഗുണയിലാണ് തൊഴിലുടമ ആശുപത്രിയിലെത്തിക്കുന്നത് തടഞ്ഞതിന്റെ ഭാഗമായി ആദിവാസി ദമ്പതികളുടെ മകന്‍ മരിച്ചത്. തൊഴിലുടമയടക്കം മൂന്നുപേര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്. ഉടമയുടെ ഭാര്യക്കെതിരേയും കേസെടുത്തിട്ടുണ്ട്. സമയത്ത് വേണ്ട വിധത്തില്‍ ഇടപെടാതിരുന്ന പോലിസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
ഗുണ ജില്ലയിലെ റിച്ചാരിയ ഗ്രാമത്തിലെ ദീപക് ജാട്ട്, ഭാര്യ സുലോചന എന്നിവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 323, 294, 506ഉം പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ ഏതാനും വകുപ്പുകളുമാണ് ചുമത്തിയിട്ടുളളത്. കൂടാതെ അടിമത്തൊഴില്‍ നിരോധന നിയമത്തിന്റെ വകുപ്പുകളും ചുമത്തി.
നീരജ് ജാട്ട്, ജയറാം ജാട്ട് എന്നിവരാണ് കുറ്റം ചുമത്തപ്പെട്ട മറ്റ് രണ്ട് പേര്‍. ഇരുവരും ഒളിവിലാണ്. ദീപക് ജാട്ട്, നീരജ് ജാട്ട്, ജയറാം ജാട്ട് എന്നിവര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്. കാന്‍ട്ട് പോലിസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബില്‍ മഹീന്ദ്ര സിങ്ങിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ദീപകിന്റെ തൊഴിലാളികളായ പെഹല്‍വാന്‍ സഹാരിയയുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
ഗുണ ജില്ലയില്‍ ഖെറെയ് ഖടക്പൂര്‍ ഗ്രാമത്തിലെ പഹല്‍വാന്‍ സഹാരിയയും ഭാര്യയും ദീപക്കിന്റെ കൈയില്‍ നിന്ന് നാല് കൊല്ലം മുമ്പ് 25,000 രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇരുവരെയും ദീപക് അടിമത്തൊഴിലാളികളാക്കി മാറ്റി വയലില്‍ പണിക്കയച്ചു. ദീപക്കിന്റെ വയലിനടുത്തുള്ള കുടിലിലാണ് പഹല്‍വാനും ഭാര്യയും 4 മക്കളും മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്. മൂന്നു ദിവസം മുമ്പ് മക്കളിലൊരാള്‍ക്ക് പനി പിടിച്ചു. ശനിയാഴ്ച തന്നെ പഹല്‍വാന്‍ ഇക്കാര്യം ദീപക്കിനെ അറിയിക്കുകയും ചികില്‍സയ്ക്ക് പണം വേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതിഷ്ടപ്പെടാതിരുന്ന ദീപകും ഭാര്യയും പഹല്‍വാന്റെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു. നീരജും ജയറാമും മര്‍ദ്ദിക്കുകയും ചെയ്തു. മാത്രമല്ല, 8 വയസ്സുള്ള ഇളയ കുട്ടിയായ ദെഷ് രാജിനെ ആശുപത്രിയിലെത്തിക്കുന്നത് ഇവര്‍ തടയുകയും ചെയ്തുവെന്ന് ഗുണ ജില്ല എസ് പി രാജേഷ് സിങ് പറഞ്ഞു.
ആശുപത്രിയിലെത്തിക്കാന്‍ പോലിസിന്റെ സഹായം തേടിയെങ്കിലും ഹെഡ് കോണ്‍സ്റ്റബില്‍ മഹീന്ദ്ര സിങ്ങ് ഇത് കേള്‍ക്കാനോ സഹായിക്കാനോ തയ്യാറായില്ല. ഞായറാഴ്ച വൈകീട്ട് ഒടുവില്‍ പഹല്‍വാന്‍ മകനെ ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെ മരിച്ചു.
കുട്ടിയ്ക്ക് മലേറിയയായിരുന്നെന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി.
മൂന്നു പേര്‍ക്കെതിരേ എന്‍എസ്എയും സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ടെന്ന് ഗുണ കലക്ടര്‍ കുമാര്‍ പുരുഷോത്തം പറഞ്ഞു.