ബംഗാളില്‍ തൃണമൂലിന് 200ലധികം സീറ്റിന് സാധ്യത; മമത തന്നെ മുഖ്യമന്ത്രിയായേക്കും

Update: 2021-05-02 09:58 GMT

കൊല്‍ക്കൊത്ത: ബംഗാളില്‍ തൃണമൂലിന് 200ലധികം സീറ്റ് ലഭിക്കാന്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മമതാ ബാനര്‍ജി തന്നെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായേക്കും. 200നു മുകളില്‍ സീറ്റുകളിലാണ് തൃണമൂല്‍ മുന്നേറുന്നത്. ബിജെപി 88 സീറ്റില്‍ ഒതുങ്ങുമെന്നാണ് തിരഞ്ഞെടുപ്പ് പ്രവണ സൂചിപ്പിക്കുന്നത്.

അതേസമയം മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ഇപ്പോഴും 3,000 വോട്ടുകള്‍ക്ക് പിന്നിലാണ്. മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി. സുവേന്ദു പുറത്തുവന്നശേഷം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുതന്നെയായിരുന്നു. മമതാ ബാനര്‍ജി മല്‍സരിക്കുന്ന നന്ദിഗ്രാമില്‍ ഒരു ദശകത്തിനു മുമ്പ് സിപിഎമ്മുമായി ഭൂസമരത്തിന്റെ പേരില്‍ വലിയ പോരാട്ടമാണ് നടന്നത്. അതിന്റെ തുടര്‍ച്ചയായാണ് സിപിഎം അധികാരത്തിനു പുറത്തുപോയത്.

കൊവിഡ് രണ്ടാം വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എട്ടുമണിക്കു തുടങ്ങിയ വോട്ടെണ്ണല്‍ തുടരുകയാണ്.

രാജ്യം ഏറ്റവും ആകാംക്ഷയോടെ നോക്കിക്കണ്ട തിരഞ്ഞെടുപ്പായിരുന്നു ബംഗാളിലേത്. മമതക്കെതിരേ ബിജെപി മുന്നിട്ടിറങ്ങിയെന്നുമാത്രമല്ല, അഖിലേന്ത്യാ നേതൃത്വവും അമിത് ഷാ നേരിട്ടുമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഭരണം തൃണമൂലിന് ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചെറിയ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നത്.

294 അംഗ നിയമസഭയില്‍ 205 ഇടത്തും തൃണമൂലാണ് മുന്നേറുന്നത്. ബിജെപി 85 മണ്ഡലത്തിലും എല്‍ഡിഎഫ് -കോണ്‍ഗ്രസ് സഖ്യം ഒരിടത്തും മുന്നേറുന്നു. തൃണമൂല്‍ സഖ്യം 291 മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. അതില്‍ 291 ഇടത്തും തൃണമൂലായിരുന്നു മല്‍രരംഗത്തിറങ്ങിയത്. നിലവില്‍ 205 ഇടത്ത് തൃണമൂല്‍ മുന്നില്‍ നില്‍ക്കുന്നു. 2016ല്‍ 209സീറ്റിലാണ് തൃണമൂല്‍ വിജയിച്ചത്. തൊട്ടടുത്ത എതിരാളിയായ ബിജെപി സഖ്യം 294 സീറ്റില്‍ മല്‍സരിച്ചു. അതില്‍ 293 ഇടത്തും ബിജെപിയായിരുന്നു മല്‍സരരംഗത്തിറങ്ങിയത്. എജെഎസ് യു ഒരു സീറ്റില്‍ മല്‍സരിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് 85 സീറ്റില്‍ ബിജെപി സഖ്യം മുന്നിലാണ്. ബിജെപി 84 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേവലം 3 സീറ്റിലാണ് ബിജെപി വിജയിച്ചത്.

കോണ്‍ഗ്രസ്-ഇടത് സഖ്യം 292 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ ആകെ ഒരു സീറ്റില്‍ മാത്രമാണ് മുന്നേറാനായത്. കഴിഞ്ഞ വര്‍ഷം ഇടത്പാര്‍ട്ടികള്‍ക്ക് 76 സീറ്റ് ലഭിച്ചിരുന്നു. മുന്നേറുന്ന സീറ്റ് കോണ്‍ഗ്രസ്സിന്റേതാണ്. സിപിഐ, സിപിഎം, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. സിപിഎം 139 സീറ്റില്‍ മല്‍സരിച്ചു. സിപിഐ 10 സീറ്റിലും മല്‍സരിച്ചിരുന്നു.

Tags:    

Similar News