തൃണമൂല്‍ പ്രതിഷേധം കനത്തു: ബിജെപി ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിച്ചു മടങ്ങി
ഭബാനിപൂര്‍: തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്തതോടെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പ്രചാരണപരിപാടി പാതി വഴിയില്‍ ഉപേക്ഷിച്ചു മടങ്ങി. ഭബാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ പ്രചാരണപരിപാടികളാണ് ദിലീപ് ഘോഷിന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.
ദിലീപ് ഘോഷിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും ബിജെപി ബംഗാള്‍ പ്രസിഡന്റ് ആരോപിച്ചു. തൃണമൂല്‍ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും ആരോപണമുണ്ട്.
മമതാ ബാനര്‍ജി മല്‍സരിക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. അതുകൊണ്ടുതന്നെ ഘോഷിനു പുറമെ നിരവധി ബിജെപി നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഘോഷിനു ചുറ്റും തടിച്ചുകൂടിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ തൃണമൂല്‍ പ്രവര്‍ത്തകരും ഘോഷിന്റെ ബോഡിഗാര്‍ഡുകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ചെറിയ കയ്യേറ്റവും നടന്നു. ഘോഷിന്റെ ബോഡിഗാര്‍ഡുകള്‍ തോക്കെടുത്ത് തൃണമൂര്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു.
ഘോഷിനൊപ്പമുണ്ടായിരുന്ന നേതാവ് നാരായണ്‍ സിങിനെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടികൂടി. നാരായണ്‍ സിങ്ങിന്റെ മൂക്കില്‍ നിന്ന് രക്തം പൊടിഞ്ഞിരുന്നു.
പിന്നീട് ഘോഷും നാരായണ്‍ സിങ്ങും സ്ഥലം വിട്ടു. ഇരുവരും ആശുപത്രിയിലും പോയിരുന്നു.
പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനിടയിലാണ് നേതാക്കള്‍ക്ക് ആക്രമണം നേരിടേണ്ടിവന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് നേതാക്കള്‍ പിന്നീട് പറഞ്ഞു.
രാവിലെ ബിജെപി എം പി അര്‍ജുന്‍ സിങ്ങിനെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ കായികമായി നേരിട്ടിരുന്നു.
പശ്ചിമബംഗാളില്‍ ജനാധിപത്യമില്ലെന്ന് ബിജെപി പ്രസിഡന്റ് സുകന്ദ മജുന്ദാര്‍ ആരോപിച്ചു. ഭബാനിപൂരില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. വൈസ് പ്രസിഡന്റിനെ വരെ മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ പ്രായത്തെപോലും ബഹുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.