അസിം പ്രേംജിക്കെതിരേ 'നിസാര കേസുകള്‍'; എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ മാപ്പപേക്ഷ സുപ്രിംകോടതി പരിഗണിക്കുന്നു
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി അസിം പ്രേംജിക്കെതിരേ നിസ്സാരമായ കേസുകള്‍ ചുമത്തിയെന്ന ആരോപണത്തില്‍ എന്‍ജിഒയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ നല്‍കിയ മാപ്പപേക്ഷ സുപ്രിംകോടതി പരിഗണിച്ചേക്കും.
അഭിഭാഷകനായ ആര്‍ സുബ്രഹ്മണ്യനാണ് എന്‍ജിഒയെ പ്രതിനിധീകരിച്ച് ഹാജരായതിന് ജസ്റ്റിസ് കൃഷ്ണ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ചില്‍ മാപ്പപേക്ഷ നല്‍കിയത്. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് തനിക്ക് പറ്റിയ വീഴ്ചകള്‍ സുബ്രഹ്മണ്യന്‍ എണ്ണിപ്പറഞ്ഞത്. അസിം പ്രേംജിക്കെതിരേ നിസാരമായമായ കാര്യങ്ങളില്‍ കേസുകള്‍ നല്‍കുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഷ്ദഗി, എസ് ഗണേശ് തുടങ്ങിയവരും സുബ്രഹ്മണ്യന്റെ കാര്യത്തില്‍ അനുകമ്പാപൂര്‍വമായ സമീപനം കൈക്കൊള്ളാന്‍ അസിം പ്രേംജിയെ പ്രേരിപ്പിക്കാമെന്ന് കോടതിയെ അറിയിച്ചു.
മൂന്ന് കമ്പനികളില്‍ നിന്ന് 45,000 കോടി രൂപയുടെ സ്വത്ത് അസിം പ്രോംജി സ്വകാര്യ ട്രസ്റ്റിനും പുതുതായി രൂപീകരിച്ച കമ്പനിക്കും കൈമാറിയതത് നിയമവിരുദ്ധമാണെന്ന് കാണിച്ച് എന്‍ജിഒ ബെംഗളൂരു വിചാരണ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധിയും പുറത്തുവന്നു. ഇതിനെതിരേയാണ് അസിം പ്രേംജി മെയ് 15, 2021ല്‍ സുപ്രിംകോടതിയെ സമീപിച്ചത്.