അസിം പ്രേംജി ഇന്ത്യയിലെ ഏറ്റവും വലിയ ഉദാരമതി; സംഭാവനയായി പ്രതിദിനം നല്‍കിയത് 22 കോടി രൂപ
കൊവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: 7,904 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വിപ്രോ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി ഇന്ത്യയിലെ ഉദാരമതികളുടെ പട്ടികയില്‍ ഒന്നാമതെത്തി. ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെച്ചത് 22 കോടി രൂപയാണ്. കൊവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിപ്രോയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അസിം പ്രേംജി ഫണ്ടൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെയാണ് ഇത്. എദല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ലാണ് ഈവിവരങ്ങളുള്ളത്. എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നല്‍കി മൂന്നാമതെത്തി. കൊവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നല്‍കി.
കുമാര്‍ മംഗളം ബിര്‍ളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇവര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയര്‍മാനുമായ അനില്‍ അഗര്‍വാളും കുടുംബവും 215 കോടി നല്‍കി അഞ്ചാമതായി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അനുകരണീയ മാതൃകയാണ് അസിം പ്രേംജിയെന്നു ഹുറന്‍ ഇന്ത്യ എംഡി അനസ് റഹ്‌മാന്‍ ജുനൈദ് വ്യക്തമാക്കി.
പട്ടികയില്‍ ഇടം നേടിയ 40 വയസില്‍ താഴെയുള്ള ആദ്യ വ്യക്തി ഫ്‌ളിപ്പ്കാര്‍ട്ട് സഹ സ്ഥാപകനായ ബിന്നി ബെന്‍സലാണ്. പട്ടികയില്‍ ഇടം നേടിയവരില്‍ കുറഞ്ഞത് 21 പേരെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും അഞ്ച് കോടിയോ അതിലധികമോ നല്‍കിയതായും ഹുറന്‍ ഇന്ത്യ വ്യക്തമാക്കി. 2019 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.