ബൗദ്ധിക സ്വത്ത് ചോരണം: ഏതാനും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി
വാഷിങ്ടണ്‍: ബൗദ്ധിക സ്വത്ത് മോഷണമാരോപിച്ച് ഏതാനും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. വൈറ്റ് ഹൗസ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചെന്ന വിവരം അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ജൂണ്‍ 1, 2020 മുതലാണ് പ്രവേശനവിലക്ക് നിലവില്‍ വരിക.
ബീജിങ്ങിനു വേണ്ടി ഏതാനും ചൈനീസ് വിദ്യാര്‍ത്ഥികളും ഗവേഷകരും പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥികളും ബൗദ്ധികസ്വത്തും ചില സുപ്രധാനമായ സാങ്കേതികവിദ്യയും മോഷ്ടിച്ചുവെന്നാരോപിച്ചാണ് വൈറ്റ്ഹൗസ് വിലക്കേര്‍പ്പെടുത്തുന്നത്. ഇത് അമേരിക്കുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു.
ഹോങ്കോങിനെ പ്രത്യേക ഭരണപ്രദേശമായി നിര്‍വചിച്ചുകൊണ്ട് ചൈനീസ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമത്തോടുള്ള പ്രതികരണമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേര്‍ണലും എബിസി ന്യൂസും എഴുതിയത്. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം ന്യൂയോര്‍ക്ക് ടൈംസാണ് ആദ്യം റിപോര്‍ട്ട് ചെയ്തത്. 3000-5000ത്തോളം ചൈനീസ് വിദ്യാര്‍ത്ഥികളെയാണ് പുതിയ ഉത്തരവ് ബാധിക്കുക.
സ്വാതന്ത്ര്യത്തിന്റെയും തുറവിയുടെയും ചാമ്പ്യന്മാരെന്ന യുഎസ് അവകാശവാദങ്ങള്‍ക്ക് എതിരാണ് ഈ നടപടിയെന്ന് ചൈനീസ് വിദേകാര്യവക്താവ് സുവാ ലിന്‍ജന്‍ പരിഹസിച്ചു. ഇത്തരം ഉത്തരവുകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധത്തെയും സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലിനെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കടുത്ത രാഷ്ട്രീയ പീഡനവും വംശീയ വിവേചനവുമാണ്. മാത്രമല്ല, അമേരിക്കയുടെ ശീതയുദ്ധകാല മനോഭാവത്തിന്റെ തെളിവുമാണ്- അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനയില്‍ നിലവില്‍ 360,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതുവഴി വലിയ തോതിലുള്ള വരുമാനവും ലഭിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് സര്‍വകലാശാലകളുടെ ഭാഗത്തുനിന്ന് ഈ നീക്കത്തിനെതിരേ കടുത്ത സമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്.
അതേസമയം നിലവില്‍ ട്രംപ് ഭരണകൂടം ആരോപിക്കുന്നതുപോലെ ബാദ്ധിക സ്വത്ത് മോഷണത്തിന് തെളിവുകളില്ലെന്ന് പല അമേരിക്കന്‍ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.