ബിഹാറിൽ ഇന്ന് വിശ്വാസവോട്ട്; ജെഡിയു എംഎല്‍എമാരെ പട്നയിലെ ഹോട്ടലിലേക്ക് മാറ്റി
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ ജെഡിയു എംഎല്‍എമാരെ പട്‌നയിലെ ചാണക്യ ഹോട്ടലിലേക്ക് മാറ്റിയതായി റിപോര്‍ട്ടുകള്‍. സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിയുണ്ടാവുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമായിരിക്കെയാണ് വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ജെഡിയു എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്. തിങ്കളാഴ്ച നിയമസഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇരുപക്ഷത്തിനും ആദ്യ ബലപരീക്ഷണമാവും. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ജെഡിയു-ബിജെപി സഖ്യം സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വിജയിക്കാനായില്ലെങ്കില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ താഴെവീഴുമെന്നുറപ്പാണ്. മുന്നണികള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്നതിനാല്‍ എംഎല്‍എമാരെ പാര്‍ട്ടി വലിയ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.