ട്രാക്ടര്‍റാലിയെക്കുറിച്ചുള്ള ട്വീറ്റ്: ശശി തരൂരിനും രാജ്ദീപ് സര്‍ദേശായിയടക്കം ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരേ മധ്യപ്രദേശിലും കേസ്

Update: 2021-01-29 15:49 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി തുടങ്ങിയവര്‍ക്കെതിരേ മധ്യപ്രദേശ് പോലിസും കേസെടുത്തു. ട്രാക്ടര്‍ റാലിക്കിടയില്‍ കൊല്ലപ്പെട്ട കര്‍ഷകനെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്കു പുറമെ ആറ് മാധ്യമപ്രവര്‍ത്തകരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ശശി തരൂരും രാജ്ദീപ് സര്‍ദേശായിയും അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നുമാരോപിച്ച് ഭോപാലിലെ സഞ്ജയ് രഘുവംശി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് മിസ്‌റോഡ് പോലിസ് ഇന്‍സ്‌പെക്ടര്‍ നിരന്‍ജന്‍ ശര്‍മ പറഞ്ഞു.

വിനോദ് കെ ജോസ് (കാരവന്‍), മൃണാള്‍ പാണ്ഡെ, നാഷണല്‍ ഹെറാള്‍ഡിന്റെ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് സഫാര്‍ ആഗ, കാരവന്‍ എഡിറ്റര്‍ അനന്ത് നാഥ്, പരേശ് നാഥ് തുടങ്ങിയവര്‍ക്കു പുറമെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളുടെ പേരും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജാതി, മതം, സമുദായം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കല്‍(153 എ), സമൂഹത്തില്‍ ജാതി, മത, സമുദായ, പ്രദേശങ്ങളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകള്‍ ഉണ്ടാക്കല്‍(153എ(1), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തല്‍(505(2)) എന്നീ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

ജനുവരി 26 ന് രാജ്യ തലസ്ഥാനത്ത് നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടെ പ്രതികള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതായി ലഭിച്ച പരാതിയിലാണ് നടപടിയെന്ന് പോലിസ് പറഞ്ഞു. ഇവരുടെ ഇടപടെലുകള്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ ജീവന് വെല്ലുവിളിയുയര്‍ത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

ഇവര്‍ക്കെതിരേ യുപി പോലിസും ഇതേ സംഭവത്തില്‍ കേസെടുത്തിരുന്നു. അര്‍പിത് മിശ്ര എന്നയാളുടെ പരാതിയിലായിരുന്നു യുപി പോലിസിന്റെ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, 153 ബി, 295 എ, 298, 504, 506, 505 (2), 124എ, 34, 120ബി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ലെ സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

Tags:    

Similar News