സംസ്ഥാനത്ത് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത് വിനോദ സഞ്ചാര വകുപ്പിലെ 25 പദ്ധതികള്‍
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 60 കോടി രൂപ ചെലവിട്ടു പൂര്‍ത്തീകരിച്ച 25 പദ്ധതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. ടൂറിസം വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍ തിരുവനന്തപുരത്തെ ശംഖുമുഖത്തില്‍ ബീച്ച് പാര്‍ക്കിങ് റീക്രിയേഷന്‍ സെന്റര്‍, ആക്കുളത്ത് 9.34 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച അത്യാധുനിക രീതിയിലുള്ള നീന്തല്‍കുളം, ആര്‍ട്ടിഫിഷ്യല്‍ വാട്ടര്‍ഫാള്‍, കാട്ടാക്കടയില്‍ പ്രകൃതി മനോഹരമായ പ്രദേശത്തെ ശാസ്താംപാറ പദ്ധതി, കൊല്ലത്തെ ആശ്രാമം മൈതാനത്തിന്റെ വികസന പദ്ധതി, അഷ്ടമുടിയിലെ വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ആന്റ് സെയില്‍സ് എംപോറിയം, ആറന്മുള ഉത്രട്ടാതി വള്ളം കളിയുടെ ഫിനിഷിങ് പോയിന്റില്‍ ഒരുക്കിയ ആറന്മുള ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ്, കൊട്ടാരക്കരയില്‍ പുലമന്‍ തോടിന്റെ പുനഃരുജ്ജീവനം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
പത്തനംതിട്ട ജില്ലയില്‍ പെരുന്തേനരുവി ടൂറിസം പദ്ധതി, അരൂരിലെ കുത്തിയതോടില്‍ നടപ്പിലാക്കുന്ന ഡെവലപ്‌മെന്റ് ഓഫ് ബാക് വാട്ടര്‍ സര്‍ക്യൂട്ട്, പദ്ധതിയുടെ ഭാഗമായി തഴപ്പ് കായല്‍ തീരത്തായി നടപ്പിലാക്കുന്ന ഡെവലപ്പ്‌മെന്റ് ഓഫ് മൈക്രോ ഡെസ്റ്റിനേഷന്‍ അറ്റ് തഴപ്പ്, അരൂക്കുറ്റിയില്‍ രണ്ടേകാല്‍ കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഹൗസ് ബോട്ട് ടെര്‍മിനല്‍, ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ നടപ്പാത, മഴക്കൂടാരങ്ങള്‍, കുമരകത്തെ കള്‍ച്ചറല്‍ സെന്റര്‍, എരുമേലിയിലെ പില്‍ഗ്രിം ഹബ്, ചേപ്പാറയിലെ ഇക്കോ ടൂറിസം വില്ലേജ്, തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ എക്‌സിബിഷന്‍ പവിലിയന്‍, ഓഡിറ്റോറിയം, തിരുവമ്പാടിയില്‍ അരിപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍, കാപ്പാട് ബീച്ച് ടൂറിസം പദ്ധതി, തോണിക്കടവ് ടൂറിസം പദ്ധതി, വയനാട്ടിലെ കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനം, പഴശി പാര്‍ക്ക് വികസനം, ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍, ബേക്കല്‍ ബീച്ച് പാര്‍ക്ക്, മാവിലാ കടപ്പുറം ബോട്ട് ടെര്‍മിനല്‍ എന്നിവയും പൂര്‍ത്തിയായ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
തലശ്ശേരിയുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും അതുവഴി സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം പകരാനും ഉദ്ദേശിച്ചിട്ടുള്ള തലശ്ശേരി പൈതൃക പദ്ധതിയുടെ ആദ്യഘട്ടവും നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഗുണ്ടര്‍ട്ട് ബംഗ്ലാവിന്റെ നവീകരണം, പിയര്‍ റോഡ് നവീകരണം, ഓള്‍ഡ് ഫയര്‍ ടാങ്ക് പുനരുദ്ധാരണം എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഉത്തരവാദിത്വടൂറിസം യാഥാര്‍ഥ്യമാക്കിയതിലൂടെ ഓരോ ടൂറിസം കേന്ദ്രത്തിലുമുള്ള ജനങ്ങള്‍ക്ക് കൂടി പ്രാദേശികമായി പദ്ധതികളുടെ പ്രയോജനം ലഭിക്കുകയാണ്. നമ്മുടെ കലാരൂപങ്ങള്‍, കൃഷിരീതി, പരമ്പരാഗത കരകൗശല രംഗം, ഭക്ഷണം തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് മാറുകയാണ്. അതിനായുള്ള മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.