ട്വന്റി-20 ലോകകപ്പ്: ഇന്ത്യ സെമിയ്ക്കരികെ; ബംഗ്ലാദേശിനെതിരേ 50 റണ്‍സ് ജയം
ആന്റിഗ്വ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ബെര്‍ത്തിന് അരികെയെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആന്റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമെ പൊരുതിയുള്ളു. തന്‍സിദ് ഹസന്‍ 29ഉം റിഷാദ് ഹൊസൈന്‍ 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 196-5, ബംഗ്ലാദേശ് 20 ഓവറില്‍ 146-8.
ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും തന്‍സിദ് ഹൊസൈനും ചേര്‍ന്ന് 4.3 ഓവറില്‍ 35 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കി. ലിറ്റണ്‍ ദാസിനെ(13) ഹാര്‍ദ്ദിക് മടക്കിയശേഷം ക്രീസിലെത്തിയ ഷാന്റോ തന്‍സിദിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് കരുതിയെങ്കിലും നിലയുറപ്പിച്ച തന്‍സിദിനെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. മികച്ച ഫോമിലുള്ള തൗഹിദ് ഹൃദോയിയെ(4)യും ഷാക്കിബ് അല്‍ ഹസനെയും(11) വീഴ്ത്തിയ കുല്‍ദീപ് ബംഗ്ലാദേശിന്റെ നടുവൊടിച്ചു. പൊരുതി നിന്ന ഷാന്റോയെ(40) ബുമ്രയും മെഹ്‌മദ്ദുള്ളയെയും(13), ജേക്കര്‍ അലിയെയും അര്‍ഷ്ദീപും മടക്കിയതോടെ ബംഗ്ലാദേശിന്റെ പോരാട്ടം തീര്‍ന്നു. റിഷാദ് ഹൊസൈന്റെ(10 പന്തില്‍ 24) പോരാട്ടത്തിന് ബംഗ്ലാദേശിന്റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി(37), റിഷഭ് പന്ത്(36), ശിവം ദുബെ(34), രോഹിത് ശര്‍മ(23) ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈനും തന്‍സിം ഹസന്‍ ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് ഇന്ത്യ അടിച്ചെടുത്തത്. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ഷാക്കിബ് രണ്ട് വിക്കറ്റെടുത്തു.ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ഷാക്കിബ് രണ്ട് വിക്കറ്റെടുത്തു.