ട്വന്റി-20 ലോകകപ്പ്; അഫ്ഗാന്‍ കടമ്പ കടന്ന് ഇന്ത്യ; രക്ഷകനായി സൂര്യകുമാര്‍

Update: 2024-06-21 04:46 GMT

ബാര്‍ബഡോസ്: അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്ഥാന്റെ പരീക്ഷണം ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഇന്ത്യ മറികടന്നു. അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 20 ഓവറില്‍ 134 റണ്‍സെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 20 പന്തില്‍ 26 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

നജീബുല്ല സദ്രാന്‍ (17 പന്തില്‍ 19), ഗുല്‍ബദിന്‍ നായിബ് (21 പന്തില്‍ 17), മുഹമ്മദ് നബി (14 പന്തില്‍ 14) എന്നിവരാണ് അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവര്‍ പ്ലേ അവസാനിക്കും മുന്‍പു തന്നെ മൂന്നു പ്രധാന ബാറ്റര്‍മാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ 24 പന്തുകളില്‍ (4 ഓവര്‍) 20 എണ്ണവും ഡോട്ട് ബോളുകളായിരുന്നു. താരം ആകെ വഴങ്ങിയത് ഏഴു റണ്‍സ് മാത്രം.

അര്‍ധ സെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവാണു കളിയിലെ താരം. രാജ്യാന്തര ട്വന്റി-20യില്‍ കൂടുതല്‍ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളുടെ റെക്കോര്‍ഡില്‍ സൂര്യകുമാര്‍ യാദവ് വിരാട് കോലിക്കൊപ്പമെത്തി. ഇരുവരും 15 തവണയാണ് പ്ലേയര്‍ ഓഫ് ദ് മാച്ച് ആയത്. അഫ്ഗാനിസ്ഥാന്‍ ബാറ്റര്‍മാരെയെല്ലാം ക്യാച്ച് എടുത്താണ് ഇന്ത്യ പുറത്താക്കിയതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 22ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അര്‍ധ സെഞ്ചറിയുമായി സൂര്യകുമാര്‍ യാദവ് തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്. മുന്‍നിര റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ മധ്യനിരയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീം ഇന്ത്യയ്ക്കു രക്ഷയായത്. 28 പന്തുകള്‍ നേരിട്ട സൂര്യ 53 റണ്‍സെടുത്തു പുറത്തായി. മൂന്നു സിക്‌സുകളും അഞ്ചു ഫോറുകളുമാണ് താരം അടിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 24 പന്തില്‍ 32 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (13 പന്തില്‍ എട്ട്) നഷ്ടമായ ഇന്ത്യ പതുക്കെയാണു താളം കണ്ടെത്തിയത്. നാലു ഫോറുകള്‍ അടിച്ച ഋഷഭ് 11 പന്തില്‍ 20 റണ്‍സെടുത്തു. പിന്നാലെ വിരാട് കോലിയും (24 പന്തില്‍ 24), ശിവം ദുബെയും (ഏഴു പന്തില്‍ 10) പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. സൂര്യകുമാര്‍ യാദവിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ റണ്ണൊഴുക്കിനു വേഗം കൂടിയത്. 12.2 ഓവറില്‍ ഇന്ത്യ 100 തൊട്ടു. 27 പന്തുകളില്‍ സൂര്യ കുമാര്‍ യാദവ് അര്‍ധ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ മുഹമ്മദ് നബി ക്യാച്ചെടുത്ത് സൂര്യയെ മടക്കി.

18ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച പാണ്ഡ്യയ്ക്കു പിഴച്ചു. ബൗണ്ടറി ലൈനില്‍വച്ച് അസ്മത്തുല്ല ഒമര്‍സായി ക്യാച്ചെടുത്ത് പാണ്ഡ്യയെ പുറത്താക്കി. രവീന്ദ്ര ജഡേജയും (ഏഴു റണ്‍സ്) നിരാശപ്പെടുത്തി. ആറു പന്തുകള്‍ നേരിട്ട അക്ഷര്‍ പട്ടേല്‍ 12 റണ്‍സെടുത്തു. അഫ്ഗാനിസ്ഥാനു വേണ്ടി ഫസല്‍ഹഖ് ഫറൂഖി, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.




Tags:    

Similar News