ചേലേമ്പ്രയില്‍ എല്‍എസ്ഡി സ്റ്റാംപ് ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍
അറസ്റ്റിലായ റമീസ് റോഷന്‍ കളിപ്പാട്ടങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്താന്‍ എന്ന വ്യാജേന ചേലേമ്പ്ര ഇടിമുഴിക്കലില്‍ ഒരു വീട് വാടകക്കെടുത്ത് ഇവിടെ വെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു.
മലപ്പുറം: ചേലേമ്പ്ര ഇടിമുഴിക്കലില്‍ എക്‌സൈസ് റെയിഡില്‍ ലക്ഷങ്ങള്‍ വിലവരുന്ന മാരക മയക്കുമരുന്നുകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ റമീസ് റോഷന്‍ (26), കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയരങ്ങാടി സ്വദേശി പാമ്പോടന്‍ വീട്ടില്‍ ഹാഷിബ് ശഹിന്‍ ( 25) എന്നിവരെയാണ് പരപ്പനങ്ങാടി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങളായി ചേലേമ്പ്ര കേന്ദ്രീകരിച്ച് രഹസ്യമായി വില കൂടിയ മാരക മയക്കുമരുന്നുകളുടെ വില്‍പ്പനയും കൈമാറ്റവും നടക്കുന്നുണ്ടന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷക്കണക്കിന് വിലവരുന്ന മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്.
അറസ്റ്റിലായ റമീസ് റോഷന്‍ കളിപ്പാട്ടങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്താന്‍ എന്ന വ്യാജേന ചേലേമ്പ്ര ഇടിമുഴിക്കലില്‍ ഒരു വീട് വാടകക്കെടുത്ത് ഇവിടെ വെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു. ഇവര്‍ താമസിച്ച മുറിയില്‍ നിന്നും 88.120 ഗ്രാം എംഡി എം എ, 56.5 എല്‍ എസ് ഡി സ്റ്റാമ്പുകള്‍, 325.580 ഗ്രാം ഹാഷിഷ്, 1150 ഗ്രാം കഞ്ചാവ് എന്നിവയും, ഇവ ചില്ലറയായി പായ്ക്ക് ചെയ്യുന്നതിനുള്ള സാധന സാമഗ്രികളും, മയക്കുമരുന്ന് ഉപയോഗിക്കുന്ന ചില ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വളരെ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ വിവിധ തരം മയക്കു മരുന്നുകള്‍ ഒരേ ഇടത്ത് ശേഖരിച്ച് വില്‍പ്പന നടത്തുന്നത് എക്‌സൈസ് കണ്ടെത്തിയത്.
വിദേശത്ത് നിന്നും, ഗോവയില്‍ നിന്നും ഉള്‍പ്പടെ മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് ഇവരെന്നാണ് കരുതപ്പെടുന്നത്. മയക്കുമരുന്ന് ശേഖരിക്കുന്നതിന് ഇത്തരം സംഘങ്ങള്‍ ഓണ്‍ ലൈന്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഈ സംഘത്തില്‍ പെട്ട മറ്റ് ചിലരെ കുറിച്ചു സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ പാലം സ്വദേശി മുബീന്‍ അന്‍സാരിയെ 18.020 ഗ്രാം എംഡിഎംഎയുമായി ചേലേമ്പ്രയില്‍ വെച്ച് എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ ഐബി ഉദ്യോഗസ്ഥരായ ഷിജുമോന്‍ ടി, സൂരജ് വി കെ, സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, ബിജു, പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുരളീധരന്‍, ശിഹാബുദ്ദീന്‍, നിതിന്‍, വിനീഷ്, സാഗേഷ് വനിതാ ഓഫീസര്‍മാരായ സിന്ധു, ലിഷ ,ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.