കശ്മീരില്‍ രണ്ട് സായുധരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരില്‍ എംടെക് വിദ്യാര്‍ഥിയും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സായുധരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ഷോപ്പിയാനിലെ പാര്‍ഗുച്ചി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് സായുധരെ വധിച്ചത്. ഗന്ധര്‍ബാല്‍ സ്വദേശിയും എംടെക്ക് വിദ്യാര്‍ഥിയുമായ റാഹില്‍ റാഷിദ് ഷെയ്ഖും ഷോപ്പിയാന്‍ സ്വദേശി ബിലാല്‍ അഹമ്മദുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എംടെക്ക് വിദ്യാര്‍ഥിയായ റാഹില്‍ റാഷിദ് ഷെയ്ഖ് മൂന്നുദിവസം മുമ്പാണ് സായുധര്‍ക്കൊപ്പം ചേര്‍ന്നതെന്നാണ് വിവരം. പാര്ഗുച്ചിയില് ഒളിവില്‍ കഴിഞ്ഞിരുന്ന സായുധര്‍ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും സംഘത്തെ വധിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ പോലിസിന്റെ പ്രത്യേക ദൗത്യസംഘവും രാഷ്ട്രീയ റൈഫിള്‍സും ദൗത്യത്തില്‍ പങ്കെടുത്തു.