പാലക്കാട്ടെ കൊലപാതകങ്ങള്‍: ഇന്റലിജന്റ്‌സ്, ക്രമസമാധാന ചുമതലയുള്ള പോലിസ് മേധാവിമാര്‍ അവധി ആഘോഷത്തില്‍

സംസ്ഥാനത്തെ സുപ്രധാന ചുമതലയുള്ള രണ്ട് എഡിജിപിമാരാണ് നിര്‍ണായക ഘട്ടത്തില്‍ അവധിയെടുത്തത്

Update: 2022-04-19 14:05 GMT

തിരുവനന്തപുരം: കൊലനടത്താന്‍ അക്രമിസംഘങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പോലിസിന് ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരും ഇടതു നേതാക്കളും ആണയിടുമ്പോള്‍, സംസ്ഥാനത്തെ ഉന്നത പോലിസ് മേധാവിമാര്‍ അവധി ആഘോഷത്തില്‍. പാലക്കാട് പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധിക്കപ്പെട്ടപ്പോള്‍ സംസ്ഥാന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ വിഷു ആഘോഷത്തിലായിരുന്നു. കലാപസാധ്യതയുള്ള പാലക്കാട്ട് എത്രയും പെട്ടന്ന് എത്തണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം പോലും സാഖറെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നില്ല. സമ്മര്‍ദ്ധത്തിനൊടുവിലാണ് സാഖറെ പാലക്കാടേയ്ക്ക് പോകാന്‍ സന്നദ്ധനായത്. പാലക്കാട് ആര്‍എസ്എസ് നേതാവ് വധിക്കപ്പെടുമ്പോഴും സാഖറെ കൊച്ചിയില്‍ ആഘോഷത്തിലായിരുന്നു. സര്‍വീസിലുള്ള പോലിസ് മേധാവിമാരും വിരമിച്ചവരും ചേര്‍ന്നായിരുന്നു അവധി ആഘോഷം. 

അതേസമയം, സംസ്ഥാനത്തിന്റെ ഇന്റലിജന്റ്‌സ് ചുമതലുള്ള എഡിജിപി ടി കെ വിനോദ് കുമാറും അവധിയിലാണ്. ഏപ്രില്‍ 12 മുതല്‍ 22 വരെ വിനോദ് കുമാറിന് ഡിജിപി അവധി അനുവദിച്ചിട്ടുണ്ട്. വിനോദ് കുമാര്‍ ഹിമാചല്‍ പ്രദേശിലാണെന്നാണ് വിവരം. 



എഡിജിപി ടികെ വിനോദ് കുമാര്‍ ലീവില്‍ പോയപ്പോള്‍ പകരം ചുമതല മനോജ് എബ്രഹാമിനായിരുന്നു. മറ്റ് ചുമതലകളുള്ളതിനാല്‍ മനോജ് എബ്രഹാമും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.

പാലക്കാട് കലാപമുണ്ടാകാത്തത് പോലിസിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, ഒരു സുരക്ഷയും പാലക്കാട് ഒരുക്കിയിരുന്നില്ല എന്നാണ് ഈ രണ്ട് മുതിര്‍ന്ന ഓഫിസര്‍മാരുടെ അസാന്നിധ്യം തന്നെ ചൂണ്ടിക്കാട്ടുന്നത്.

പാലക്കാട് സഞ്ജിത്തിന്റെ ആദ്യകൊലപാതകത്തിന് ശേഷം വധിക്കപ്പെട്ട സുബൈറിന് അക്രമികളില്‍ നിന്ന് നിരന്തര ഭീഷണിയുണ്ടെന്ന് പോലിസില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. സുബൈറിന്റെ വീടിന് നേരെ കല്ലേറുണ്ടായിട്ടും പോലിസ് ഗൗരവത്തിലെടുത്തില്ല. എലപ്പുള്ളിയില്‍ വഴിയേ പോകുന്ന മുസ്‌ലിംകളെ സഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് സംഘം തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതി പോലിസിന് ലഭിച്ചിട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസെയ്‌നെയാണ് സഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാസങ്ങളോളം സക്കീര്‍ ഹുസൈയ്ന്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

എലപ്പുള്ളിയില്‍ പോലിസ് കാര്യക്ഷമായി ഇടപെട്ട് കുറ്റവാളികളെ അറസ്റ്റു ചെയ്തിരുന്നെങ്കില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ പാലക്കാട് പോലിസ് യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

പോലിസിന്റെ ഈ ഗുരുതവീഴ്ചകളാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്ന വസ്തുത മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പോലിസിനെ ന്യായീകരിക്കുന്നത്. 

Tags:    

Similar News