മാള: മാളയില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി വാഹനാപകടങ്ങളാണ് നടന്നത്. അമിതവേഗതയും മദ്യപിച്ച് വാഹനമോടിക്കുന്നതുമാണ് കൂടുതല്‍ വാഹനാപകടങ്ങള്‍ക്കും കാരണമാവുന്നത്. കുഴിക്കാട്ടുശ്ശേരിയില്‍ കഴിഞ്ഞ ദിവസം രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡരികിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. കഴിഞ്ഞ ദിവസം പുത്തന്‍ചിറ കുന്നത്തുകാട് ജങ്ഷന് സമീപവും ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്നലെ പരനാട്ടുകുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി മുള്ളങ്ങത്ത് വിഷ്ണു(16), ചാലക്കുടി മുള്ളരികാണം വിജയചന്ദ്രന്‍ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നയാളാണ് വിഷ്ണു. വിജയചന്ദ്രന്‍ മാളയിലെ സ്വകാര്യാശുപത്രിയിലും വിഷ്ണു കറുകുറ്റിയിലെ സ്വകാര്യാശുപത്രിയിലും ചികില്‍സയിലാണ്. സമാനരീതിയില്‍ മാള പള്ളിപ്പുറം പോസ്റ്റ് ഓഫിസ് ജംഗ്ഷനടുത്തും അപകടം നടന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുണ്ടൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചിരുന്നു.
വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് ഇവിടെ വേണ്ടത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. കുന്നത്തേരിയില്‍ വാഹനാപകടത്തിന്റെ കാരണം മദ്യപിച്ച് വാഹനമോടിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മാള ഭാഗത്തു നിന്നും വന്ന ബൈക്ക് റോഡരികിലൂടെ വന്നിരുന്ന ബൈക്കില്‍ തട്ടിയ ശേഷം നിയന്ത്രണം തെറ്റി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. പല അപകടങ്ങളിലും വാഹനത്തില്‍ നിന്ന് മദ്യത്തോട് കൂടിയ ഉപയോഗിച്ച കുപ്പി കണ്ടെത്തിയിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല പോലിസ് പെട്രോളിങ് ഇല്ല. അതേസമയം, പകല്‍ മറ്റു റോഡുകളില്‍ പോലിസ് വാഹനങ്ങളെ വേട്ടയാടുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം അതിരാവിലെ മാള ടൗണിലും പോലിസ് വാഹന വേട്ട നടത്തിയിരുന്നു. അതേസമയം, അമിതവേഗതയില്‍ പായുന്ന ബൈക്ക് യാത്രികരെ പിടികൂടാന്‍ പോലിസിനാവുന്നില്ല. രാത്രി കാലങ്ങളിലാണ് അധിക വാഹനാപകടങ്ങളും ഉണ്ടാവുന്നത്. സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടവും ചില മേഖലയില്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നേരത്തേ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.