ഉദയ്പൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും ആഭ്യന്തര മന്ത്രിയും
ജയ്പൂര്‍: കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഒരാള്‍ക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന് രാജസ്ഥാന്‍ ഡിജിപിയെ ഉദ്ധരിച്ച് ആഭ്യന്തരമന്ത്രി രാജേന്ദ്ര സിങ് യാദവ്. പ്രതിയായ മുഹമ്മദ് 2014ല്‍ കറാച്ചയില്‍ പോയിട്ടുണ്ടെന്നും കഴിഞ്ഞ 2-3 വര്‍ഷത്തിനിടയില്‍ പല തവണ പാകിസ്താനിലേക്ക് ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
കറാച്ചിയിലായിരുന്ന സമയത്ത് മുഹമ്മദ്, കറാച്ചിയിലെ ദവത്ത് ഇ ഇസ് ലാമിയുടെ ഓഫിസില്‍ സന്ദര്‍ശനം നടത്തിയെന്നും ഡിജിപി എം എല്‍ ലാത്തൂര്‍ പറഞ്ഞു.
'മുഹമ്മദ് 2014ല്‍ കറാച്ചിയില്‍ പോയി 45 ദിവസം അവിടെ ചെലവഴിച്ചു. തുടര്‍ന്ന് 2018-19ല്‍ അറബ് രാജ്യങ്ങളില്‍ സഞ്ചാരം നടത്തുകയും ഏതാനും തവണ നേപ്പാള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ 23 വര്‍ഷമായി അദ്ദേഹം പാകിസ്താനിലെ 8-10 ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കുന്നു'- ഡിജിപി പറയുന്നു.
അവര്‍ ചെയ്ത കുറ്റം ഒരു സാധാരണക്കാരന് ചെയ്യാവുന്ന ഒന്നല്ല. അതിനാല്‍ എന്‍ഐഎ കേസെടുത്തിട്ടുണ്ടെന്നും അവരുടെ ശൃംഖല കണ്ടെത്തി കുറ്റവാളികളെ ജയിലിലടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സന്ദര്‍ശനമല്ലാതെ മറ്റ് തെളിവുകള്‍ എന്തൈങ്കിലും ലഭിച്ചതായി മന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടില്ല.