ഉദയ്പൂര്‍ കൊല: ഹീന പ്രവൃത്തികള്‍ ഇസ്‌ലാമിന് ചേര്‍ന്നതല്ലെന്ന് ജംഇയത്ത് ഉലമ
പ്രവാചക നിന്ദയുടെ പേരില്‍ നടത്തുന്ന ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇസ്‌ലാമിന് ചേര്‍ന്നതല്ലെന്ന് ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാന ഹല്‍സീമുദ്ധീന്‍ ഖാസിമി വ്യക്തമാക്കി.
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കൊലപ്പെടുത്തിയതിനെ അപലപിച്ച് പ്രമുഖ മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്. പ്രവാചക നിന്ദയുടെ പേരില്‍ നടത്തുന്ന ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇസ്‌ലാമിന് ചേര്‍ന്നതല്ലെന്ന് ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാന ഹല്‍സീമുദ്ധീന്‍ ഖാസിമി വ്യക്തമാക്കി.
ഹീനമായ കൊലപാതകത്തിന് പിന്നില്‍ ആരായാലും ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. നിയമവാഴ്ചക്കും ഇസ്‌ലാം മതത്തിനും എതിരായ കൊലപാതകമാണിത്. ഒരു രാജ്യത്ത് നിയമം നടപ്പാക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നിരിക്കെ ഒരാള്‍ക്കും സ്വന്തം നിലക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. രാജ്യത്തെ എല്ലാ പൗരന്മാരും സംയമനം പാലിക്കണമെന്നും മൗലാന ഹല്‍സീമുദ്ധീന്‍ ഖാസിമി ആവശ്യപ്പെട്ടു.
പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യ ലാലിനെ തയ്യല്‍ കടയില്‍ കയറി രണ്ടുപേര്‍ വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൊലപാതകം നടത്തിയെന്ന് അറിയിച്ച് അക്രമികള്‍ സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവം വൈറലായതിനു പിന്നാലെ ആക്രമികളെ പോലിസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമത്തില്‍ വിവാദ പോസ്റ്റിട്ടതിന് കഴിഞ്ഞ 11ന് കനയ്യ ലാലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നതായി ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ഹവാ സിങ് ഘൂമരിയ പറഞ്ഞു. കനയ്യ ലാല്‍ 15നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തനിക്ക് പലതവണ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കനയ്യ ലാല്‍ പോലിസിന് പരാതി നല്‍കിയിരുന്നു.