ഉദയ്പൂര്‍ കൊലപാതകം: എന്‍ഐഎ രാജസ്ഥാനില്‍ 9 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി
ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിന്റെ കൊലപാകതവുമായി ബന്ധപ്പെട്ട് എന്‍ഐഎ രാജസ്ഥാനില്‍ 9 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. അവിടെനിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും സിം കാര്‍ഡുകളും അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ജൂണ്‍ 28ന് ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റിലെ തന്റെ കടയില്‍വച്ചാണ് കനയ്യ ലാല്‍ (47) കൊലചെയ്യപ്പെട്ടത്. പ്രവാചകന്‍നിന്ദ നടത്തിയ മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതാണ് പ്രകോപനമെന്ന് കനയ്യലാലിനെ കൊലപ്പെടുത്തിയ പ്രതികള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ അവകാശപ്പെടുന്നു.
ജൂണ്‍ 29ന് ഉദയ്പൂരിലെ ധന്മണ്ഡി പോലിസ് സ്‌റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നുതന്നെ എന്‍ഐഎ കേസ് ഏറ്റെടുത്തു. വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കനയ്യ ലാലിന്റെ കൊലപാതകത്തില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴാം പ്രതി ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖ് എന്ന ബബ്ലയെ (31) ഉദയ്പൂരില്‍ നിന്ന് ജൂലൈ 9നാണ് അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ നേരത്തെ ആറ് പ്രതികളെ ജൂണ്‍ 29ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തിയ റിയാസ് അക്തരിയെയും ഘൗസ് മുഹമ്മദിനെയും ജൂണ്‍ 29നുതന്നെ കസ്റ്റഡിയിലെടുത്തു.
രാജസ്ഥാനിലെ ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന കനയ്യയുടെ മകന്‍ യാഷ് തെലിയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
ജൂണ്‍ 28ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലാണ് കൊലപാതകം നടന്നത്. അതിനുശേഷം ഇരുവരും ചേര്‍ന്ന് വീഡിയോ ചിത്രീകരിച്ചു.