കോട്ടയത്ത് യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; പോലിസിന് നേരേ കല്ലേറ്, ലാത്തി, ജലപീരങ്കി, ഡിവൈഎസ്പിക്ക് പരിക്ക്
കോട്ടയം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഇത് പോലിസ് സംഘം തടഞ്ഞു. കലക്ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ മരക്കഷണവും കല്ലുകളുമെറിഞ്ഞതോടെ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ എസ്പി ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടമായെത്തുകയായിരുന്നു. ഇവര്‍ എസ്പി ഓഫിസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു.
വന്‍ പോലിസ് സന്നാഹം പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് എസ്പി ഓഫിസ് കോംപൗണ്ടിലേക്ക് ഇരച്ചുകയറി. രൂക്ഷമായി കല്ലേറുമുണ്ടായി. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിനു കല്ലേറില്‍ പരിക്കേറ്റു. ഇതോടെ പോലിസ് ലാത്തി വീശി. പോലിസും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കൈയില്‍ കിട്ടിയവരെ പോലിസ് വളഞ്ഞിട്ട് തല്ലുന്നുണ്ടായിരുന്നു.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും പരിക്കേറ്റു. കലക്ടറേറ്റ് പരിസരം ഏതാനും മണിക്കൂര്‍ നേരം യുദ്ധക്കളമായി മാറി. വലിയതോതിലുള്ള സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ പോലിസെത്തിയാണ് പ്രവര്‍ത്തകരെയെല്ലാം സ്ഥലത്തുനിന്നും ഒഴിപ്പിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കലക്ടറേറ്റിനു മുന്നിലെ ഇടതുസംഘടനകളുടെ ഫഌക്‌സ് ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.