കൊല്ലത്ത് യുഡിഎഫ് മുന്നില്‍; എന്‍ കെ പ്രേമചന്ദ്രന് 10000 വോട്ടിന്റെ ലീഡ്; നടന്‍ മുകേഷ് പിന്നില്‍
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്റെ ലീഡ് പതിനായിരം കഴിഞ്ഞു. നടന്‍ മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നേറിയത്. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായി. പ്രേമചന്ദ്രന്റെ ലീഡ് 1000 കടന്നു. പിന്നീട് പ്രേമചന്ദ്രന്‍ ലീഡ് കുത്തനെ ഉയര്‍ത്തി. വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് അയ്യായിരം പിന്നിട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രന്‍ ജയിക്കുമെന്നാണ് മുന്നണി പ്രതീക്ഷ.
2009ലെ തിരഞ്ഞെടുപ്പു മുതല്‍ യുഡിഎഫാണ് മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസ് ആര്‍സിപിക്ക് സീറ്റ് കൈമാറി. 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. എം.എ.ബേബിയും, ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍.ബാലഗോപാലും പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ 1.48 ലക്ഷം വോട്ടിനാണ് എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചത്.