ഇന്ത്യന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് ബ്രിട്ടന്റെ അംഗീകാരം; ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല
ന്യൂഡല്‍ഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം. ഇന്ത്യ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ രണ്ട് വാക്‌സിന്‍ എടുത്ത ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ബന്ധ ക്വാറന്റീന്‍ വിധിച്ചിരുന്നു.
ഒക്ടോബര്‍ 11 തിങ്കളാഴ്ച മുതലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രായോഗികമായി നടപ്പാവുക. ഇതോടെ ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാകും.
കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടെണ്ണം സ്വീകരിച്ചവര്‍ക്ക് ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.
കൊവിഷീല്‍ഡിനു പുറമെ ബ്രിട്ടന്‍ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കും.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കഴിഞ്ഞ മാസങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്കാണ് ബ്രിട്ടന്‍ വിസ അനുവദിച്ചത്. അതോടെയാണ്് വാക്‌സിന്‍ സ്വീകരിച്ചവരുടെ ക്വാറന്റീന്‍ ഒരു സജീവ പ്രശ്‌നമായത്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശനത്തിനോട് കടുത്ത രീതിയില്‍ തന്നെ ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. പ്രതിസന്ധി അയഞ്ഞ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കും.