'ഉള്ളാള്‍ പാക്കിസ്താനായി, ക്ഷേത്രങ്ങള്‍ ഇനി ആര് സംരക്ഷിക്കും'; വര്‍ഗീയ വിഷം ചീറ്റി ആര്‍എസ്എസ് നേതാവ്
നമ്മുടെ ജനസംഖ്യ കുറയുകയും അവരുടേത് കൂടുകയും ചെയ്യുന്നു. ഇങ്ങിനെയാണ് ഇവിടെ പാക്കിസ്താനും ബംഗ്ലാദേശും ഉണ്ടാവുന്നത്' - ആര്‍എസ്എസ് നേതാവിന്റെ വിഷലിപ്തമായ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ നീളുന്നു
മംഗളൂറു: വര്‍ഗ്ഗീയ വിഷം ചീറ്റി വീണ്ടും ആര്‍എസ്എസ് നേതൃത്വം. കര്‍ണ്ണാടകയിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകര്‍ ഭട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. തിങ്കളാഴ്ച മംഗളൂറു താലൂക്കിലെ കിന്യ ഗ്രാമത്തില്‍ കേശവ് ശിശുമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് നേതാവ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'നിങ്ങള്‍ ഉള്ളാളില്‍ ചെന്നാല്‍ പാക്കിസ്താനില്‍ എത്തിയതുപോലെ തോന്നുന്നില്ലേ? രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ പാക്കിസ്താനായിരിക്കുന്നു.ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുകയാണ്. ചുറ്റിലും ആരാണെന്ന് കിന്യക്കാരോട് ആരെങ്കിലും ചോദിച്ചിട്ടു വേണോ? ഉള്ളാളിന്റെ കാര്യം ഞാന്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. നമ്മുടെ ക്ഷേത്രങ്ങള്‍ ആര് സംരക്ഷിക്കും? നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ആര് കാക്കും? എന്തുകൊണ്ടാണ് ഈ പ്രദേശം പാക്കിസ്താനാവുന്നത്? നമ്മുടെ ജനസംഖ്യ കുറയുകയും അവരുടേത് കൂടുകയും ചെയ്യുന്നു. ഇങ്ങിനെയാണ് ഇവിടെ പാക്കിസ്താനും ബംഗ്ലാദേശും ഉണ്ടാവുന്നത്' - ആര്‍എസ്എസ് നേതാവിന്റെ വിഷലിപ്തമായ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ നീളുന്നു.
പ്രസംഗം വിവാദമായിട്ടും ദക്ഷിണ കന്നഡ പൊലീസ് പ്രഭാകര ഭട്ടിനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. നാട്ടിലെ സൗഹാര്‍ദ്ദവും മതനിരപേക്ഷതയും തകര്‍ക്കുന്ന ആര്‍എസ്എസ്-ബിജെപി ഗൂഢനീക്കങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.