കാര്‍ഷിക നിയമം ഭേദഗതിചെയ്യാന്‍ തയ്യാര്‍: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. ഭേതഗതിക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കര്‍ഷകര്‍ മാത്രമാണെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനര്‍ഥം കാര്‍ഷിക നിയമത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല. ഒരു പ്രത്യേക സംസ്ഥാനത്തെ കര്‍ഷകരാണ് സമരം ചെയ്യുന്നത്. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ് - തോമര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മയുണ്ടെന്ന് വ്യക്തമാക്കാന്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. സര്‍ക്കാരും പ്രധാനമന്ത്രി മോദിയും കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതൊരു അഭിമാനപ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നില്ല. കാര്‍ഷിക നിയമങ്ങളില്‍ എന്താണ് പ്രശ്‌നമെന്നാണ് ഞങ്ങളുടെ ചോദ്യം. അതിനാരും ഉത്തരം നല്‍കുന്നില്ല, തോമര്‍ പറഞ്ഞു.