റിപബ്ലിക് ദിന സംഘര്‍ഷം: കര്‍ഷക നേതാക്കളും പങ്കെടുത്തെന്ന ആരോപണവുമായി ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടയില്‍ സംഘര്‍ഷം അഴിച്ചുവിട്ടതില്‍ കര്‍ഷക നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ്. സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും 394 പോലിസുകാര്‍ക്ക് പരിക്കുപറ്റിയെന്നും പോലിസ് ആരോപിച്ചു. ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയാണ് കര്‍ഷക നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നത്.
ഇതുവരെ സംഘര്‍ഷത്തിനും കലാപശ്രമത്തിനും 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 50 പേരെ കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസില്‍ ആരേയും ഒഴിവാക്കില്ലെന്നും കര്‍ഷക നേതാക്കളും ചോദ്യം ചെയ്യപ്പെടുമെന്നും ശ്രീവാസ്തവ പറഞ്ഞു. യോഗേന്ദ്ര യാദവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത്, ദര്‍ശന്‍ പാല്‍, രജീന്ദര്‍ സിങ്, ബല്‍ബീര്‍ സിങ്, ബുട്ട സിങ് ബുര്‍ജ്ഗില്‍, ജോഗിന്ദര്‍ സിങ് ഉഗ്രഹ, തുടങ്ങിയവരാണ് എഫ്‌ഐആറില്‍ പേര് സൂചിപ്പിക്കപ്പെട്ട നേതാക്കള്‍. റാലിക്കു മുമ്പ് നല്‍കിയ എന്‍ഒസിയിലെ നിബന്ധനകള്‍ ലംഘിച്ച് ജാഥ തീരുമാനിക്കപ്പെട്ട വഴിയില്‍ നിന്ന് മാറി സഞ്ചരിച്ചുവെന്നാണ് ആരോപണം.
ഡല്‍ഹി സംഘര്‍ഷത്തിന്റെ പേരില്‍ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘട്ടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ രണ്ട് സംഘടനകള്‍ സമരത്തില്‍ നിന്ന് പുറത്തുപോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.