കൊവിഡ് അവസാനിക്കാറായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തെറ്റായ സന്ദേശം അരുതെന്ന് ഐഎംഎ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അന്ത്യത്തോടടുക്കുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഡല്‍ഹി ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജനങ്ങള്‍ക്ക് തെറ്റായ സുരക്ഷാബോധമുണ്ടാക്കിക്കൊടുക്കരുതെന്നും തെറ്റായ സന്ദേശം പ്രസരിപ്പിക്കരുതെന്നും ഡോക്ടര്‍മര്‍ മുന്നറിയിപ്പു നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തുടങ്ങിയവരാണ് രാജ്യം കൊവിഡ് ഭീഷണിയില്‍ നിന്ന് കരകയറുകയാണെന്നും യുഗം അവസാനിക്കുകയാണെന്നുമുളള പ്രസ്താവനയുമായി രംഗത്തുവന്നത്.
രാഷ്ട്രീയ ഇടനാഴികയില്‍ രോഗത്തെയും മഹാമാരിയെയും കുറിച്ച് സംസാരിക്കുകയെന്നത് വേദനാജനകമാണ്. എങ്കിലും അത് പ്രധാനമാണ് എല്ലാ അവകാശവാദങ്ങള്‍ക്കും ഐസിഎംആറിന്റെയോ ലോകാരോഗ്യസംഘടനയുടെയോ ശസ്ത്രീയ അംഗീകാരം വേണം-ഡോക്ടര്‍മാരുടെ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുന്‍നിര പ്രവര്‍ത്തകരായ 740 പേര്‍ കൊവിഡ് രോഗത്തിന് ഇരയായ സാഹചര്യത്തില്‍ എല്ലാ പൗരന്മാരും മാസ്‌കുകള്‍ കൃത്യമായി ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും ഐഎംഎ മുന്നറിയിപ്പുനല്‍കി.
കഴിഞ്ഞ ആഴ്ചയില്‍ 35-40ശതമാനത്തിന്റെ വര്‍ധനയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ പോലും വര്‍ധനയുണ്ടായി നൂറ് രോഗികള്‍ എന്നത് 140 രോഗികളെന്നായി-ഐഎംഎ പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 18,599 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 11,141 പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കേരളത്തില്‍ 2,100 പേര്‍ക്കും പഞ്ചാബില്‍ 1,043 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ കൊവിഡ് സജീവകേസുകളുടെ എണ്ണം 1,88,747 ആണ്. ആകെ പോസിറ്റീവ് കേസുകളുടെ 1.68 ശതമാനമാണ് ഇത്.