രാജ്യത്തെ കൊവിഡ് പ്രതിസന്ധി; കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും

Update: 2022-01-10 02:38 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതും ഒമിക്രോണ്‍ ആശങ്ക വിതയ്ക്കുന്നതും കണക്കിലെടുത്താണ് അടിയന്തര യോഗം വിളിച്ചത്. മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി രോഗികളുടെ എണ്ണം രാജ്യത്ത് കുത്തനെ വര്‍ധിച്ചുവരികയാണ്.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കാണ്. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളും യോഗം വിലയിരുത്തും. രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവയ്ക്കാനാണ് സാധ്യത. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റെന്‍ ഏര്‍പ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കേന്ദ്രനിര്‍ദേശത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നുള്ള സര്‍ക്കാര്‍ നിലപാട് ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരെ അറിയിക്കും. ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശവും ഉയരാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും ഇന്നലെ ഡല്‍ഹിയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടക്കും. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. കേന്ദ്ര ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തണമോയെന്നതില്‍ തീരുമാനമെടുക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്.

Tags:    

Similar News