ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ ഒന്നിക്കുക; എസ്‌വൈഎഫ്
മലപ്പുറം: ലക്ഷദീപ് അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ എല്ലാവരും ഒന്നിക്കണമെന്നും ദ്വീപ് നിവാസികളുടെ ജീവനും സ്വത്തിനും സംസ്‌കാരത്തിനും സംരക്ഷണം നല്‍കുവാനാവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊളളണമെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) സ്റ്റേറ്റ് നേതൃയോഗം ആവശ്യപ്പെട്ടു.
ഭാഷാപരവും സാംസ്‌കാരികവുമായി കേരളത്തെയും കേരള തുറമുഖങ്ങളെയും ആശ്രയിക്കുന്ന ലക്ഷദ്വീപ് നിവാസികളെ കര്‍ണാടകത്തോടും മംഗലാപുരം തുറമുഖത്തോടും ബന്ധിപ്പിക്കാന്‍ ശ്രമിക്കുക, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുക, മദ്യപാനികള്‍ ഇല്ലാത്ത ദ്വീപില്‍ ഇഷ്ടംപോലെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കുക തുടങ്ങിയ ഏകപക്ഷീയമായ നടപടികളാണ് ലക്ഷദീപ് അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുടേത്.
കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവായ ആ പ്രദേശത്ത് ഗുണ്ടാ ആക്ട് നടപ്പാക്കുക,
ലക്ഷദ്വീപ് എംപി അടക്കമുള്ള ജനാധിപത്യത്തിന്റെ ഭാഗമായി ജനങ്ങള്‍ തെരഞ്ഞെടുത്ത സംവിധാനങ്ങളെയെല്ലാം നോക്കുകുത്തികളാക്കി മത്സ്യബന്ധനം കാലി വളര്‍ത്തല്‍ അടക്കമുള്ള ജീവിതോപാധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയും നടപ്പിലാക്കുന്നു. ഇത്തരം നിയമങ്ങള്‍ പിന്‍വലിച്ച് ദ്വീപ് നിവാസികളുടെ ജീവനും സ്വത്തിനും സംസ്‌കാരത്തിനും സംരക്ഷണം നല്‍കുവാനാവശ്യമായ നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്നും യാഗം ആവശ്യപ്പെട്ടു .
പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഫാറൂഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജാതിയേരി, സലീം വഹബി ഉപ്പട്ടി, സദഖത്തുല്ല മുഈനി കാടാമ്പുഴ , മരുത അബ്ദുല്‍ ലത്തീഫ് മൗലവി, സയ്യിദ് ഹസന്‍ ജിഫ്രി,അബ്ദുല്‍ ഖാദിര്‍ ബാഖവി കുമ്മനോട് , മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര, ശംസുദ്ദീന്‍ വഹബി ചുങ്കത്തറ, സിദ്ദീഖ് ബാഖവി കോഴിക്കോട്, ഫൈസല്‍ ദാറാനി അടിമാലി, അമീന്‍ വഹബി വയനാട് സംസാരിച്ചു.