ലഖ്‌നോ; ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് അടുത്ത മാസം നടക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി ജനവിധി തേടുന്നത്.
തന്റെ പോരാട്ടം എല്ലായ്‌പ്പോഴും രാഷ്ട്രീയ സ്വയം സേവക് സംഘിനോടാണെന്നും താന്‍ അതിനുവേണ്ടി മറ്റുള്ളവരുമായി ഐക്യത്തിനു സമവായത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായി കണക്കാക്കുന്നതാണ് ഖോരഖ്പൂര്‍. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നുമാണ്. ജനുവരി 16നാണ് യോഗി ആദിത്യനാഥ് ഖോരഖ്പൂരില്‍നിന്ന് മല്‍സരിക്കുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച 7ന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച്10ന് വോട്ടെണ്ണും. മാര്‍ച്ച് 3നാണ് ഖോരഖ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്.
403 നിയമസഭാ മണ്ഡലങ്ങളാണ് യുപിയിലുള്ളത്. നിലവില്‍ ബിജെപിയുടെ രാധാ മോഹന്‍ ദാസാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രചാരണത്തോടെയാണ് ഈ മണ്ഡലം ബിജെപി കയ്യിലൊതുക്കുന്നത്.