മുന്നാക്ക സംവരണം: സംഘപരിവാര്‍ അജണ്ട-ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

മുന്നാക്ക സംവരണത്തിനെതിരേ ഭീം ആര്‍മി കേരളഘടകം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ആസാദ് വിമര്‍ശനം ഉന്നയിച്ചത്.

Update: 2020-11-03 01:20 GMT

ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ ദുര്‍ബല വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് ഭീം ആര്‍മി പാര്‍ട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദ്. മുന്നാക്ക സംവരണത്തിനെതിരേ ഭീം ആര്‍മി കേരളഘടകം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ആസാദ് വിമര്‍ശനം ഉന്നയിച്ചത്.

സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക ആസാദ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം മുന്നോക്ക സംവരണം നടപ്പാക്കാന്‍ കേരള പിഎസ്.സി തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കിയാവും പിഎസ്.സി നടത്തുന്ന നിയമനങ്ങളില്‍ ഇനി മുന്നോക്ക സംവരണം നടപ്പാക്കുക.

മുന്നാക്ക സംവരണത്തിന് ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം നല്‍കി നിയമനം നടത്താനാണ് ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തില്‍ തീരുമാനമായത്. സംവരണത്തെച്ചൊല്ലി സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് തീരുമാനം. പ്രബല സമുദായ സംഘടനകളായ സമസ്ത ഇ കെ സുന്നിവിഭാഗവും എസ്എന്‍ഡിപിയും ഇന്ന് സംവരണത്തിനെതിരേ സമരപരിപാടികള്‍ക്ക് തുടക്കമിട്ടു.

Tags:    

Similar News