ബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്; വോട്ടര്‍ അറസ്റ്റില്‍, റീപോളിങ്ങിന് ശുപാര്‍ശ

Update: 2024-05-20 06:33 GMT

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തുന്ന വോട്ടറുടെ സെല്‍ഫി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ നടപടി. ഉത്തര്‍പ്രദേശില്‍ ഒരു വോട്ടറെ അറസ്റ്റ് ചെയ്തു. ഖിരന്‍ പംരാന്‍ ഗ്രാമത്തിലെ രജന്‍സിങ്ങാണ് പിടിയിലായത്. ബന്ധപ്പെട്ട പോളിങ് സ്‌റ്റേഷനില്‍ റീപോളിങ് നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നവദീപ് റിന്‍വ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാര്‍ശ ചെയ്തു. പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായും റിന്‍വ വ്യക്തമാക്കി.

ഫറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രജ്പുത്തിന് വോട്ടുചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും വീഡിയോ 'എക്‌സി'ല്‍ പങ്കുവെച്ചിരുന്നു.

സര്‍ക്കാര്‍ സംവിധാനത്തില്‍ സമ്മര്‍ദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അധികാരത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News