ശ്രമിക് ട്രയിനില്‍ ഉത്തര്‍പ്രദേശിലെത്തിയ കുടിയേറ്റ തൊഴിലാളികള്‍ 2.26 ലക്ഷം, സ്വന്തം നിലയ്ക്ക് വന്നത് 1 ലക്ഷം

Update: 2020-05-13 19:17 GMT

ലഖ്‌നോ: വിവിധ സംസ്ഥാനങ്ങള്‍ ഇതതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേരെ സംസ്ഥാനത്ത് തിരിച്ചെത്തിച്ചത് ഉത്തര്‍പ്രദേശ് ആണെന്ന് കണക്കുകള്‍. ഇന്ത്യന്‍ റയില്‍വേ നല്‍കുന്ന കണക്കനുസരിച്ച് മെയ് 11 വരെ ഉത്തര്‍പ്രദേശിലേക്ക് 154 ശ്രമിക് ട്രയിനുകളാണ് സര്‍വീസ് നടത്തിയത്. അതില്‍ 2.26 ലക്ഷം പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തി. മെയ് 11 നു ശേഷം അത്രതന്നെ ട്രയിനുകള്‍ സംസ്ഥാനത്തേക്ക് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.

അതേസമയം ഈ സമയത്തിനുള്ളില്‍ 1 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ മറ്റ് മാര്‍ഗം ഉപയോഗിച്ച് സംസ്ഥാനത്ത് തിരികെയെത്തിയിരുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തി പറഞ്ഞു.

മെയ് 1 മുതല്‍ 642 ശ്രമിക് ട്രയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തിയത്. ഇന്നത്തെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശിലേക്ക് 301 ശ്രമിക് ട്രയിനുകള്‍ വന്നിട്ടുണ്ട്. അതില്‍ എത്തിയവരുടെ എണ്ണം കൂടി കൂട്ടിയാല്‍ ലക്ഷങ്ങളുടെ എണ്ണം വീണ്ടും വര്‍ധിക്കും. മെയ് 11നു ശേഷം അത്തരം കണക്കുകള്‍ സംസ്ഥാനം പുറത്തുവിട്ടിട്ടില്ല. 

ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ സമയത്തു തന്നെ ഉത്തര്‍പ്രദേശിലേക്ക് പ്രത്യേക അനുമതിയോടെ നിരവധി പേര്‍ തിരിച്ചെത്തിയിരുന്നു. അനധികൃതമായി എത്തിയതിനു പുറമേയാണ് ഇത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ലോക്ക് ഡൗണ്‍ മൂര്‍ദ്ധന്യത്തിലെത്തിയ ഏപ്രില്‍ 20ന് ബസ്സിലും മറ്റ് വാഹനങ്ങളിലുമായി 10500ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തിരിച്ചെത്തിച്ചിരുന്നു. ഒരു പരിധിവരെ ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം കൂടുന്നതിനു കാരണവും അതായിരുന്നു.

അതായത് ഉത്തര്‍പ്രദേശ് കടന്നുപോയ കടമ്പയിലൂടെയായിരിക്കും ഇനി മറ്റ് സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ കടന്നുപോവുകയെന്നാണ് ഇതിനര്‍ത്ഥം. 

 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറ്റക്കാരായി ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്.

Tags:    

Similar News