യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം: ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടാന്‍ പദ്ധതിയിട്ടതിന്റെ പേരില്‍ അറസ്റ്റ്
അതേസമയം ഉവൈസുമായുള്ള പ്രശ്നം കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചതാണെന്നും യുവതി മറ്റൊരാളെ വിവാഹം ചെയ്തുവെന്നും സഹോദരന്‍ കേസര്‍പാല്‍ റാത്തോഡ് പറഞ്ഞു.
സംസ്ഥാനത്ത് പുതിയ പരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം നടക്കുന്ന ആദ്യ അറസ്റ്റാണിതെന്ന് ബറേലി പോലീസ് സൂപ്രണ്ട് സന്‍സാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ആ സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയാണെന്നും ഉവൈസ് അഹമ്മദ് പറഞ്ഞു.
ഹിന്ദു പെണ്‍കുട്ടിയെ ബലമായി മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്ന കുറ്റവും ഉവൈസ് അഹമ്മതിനെതിരേ ചുമത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം തടയുന്ന യു.പി. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനു പിന്നാലെ നവംബര്‍ 28 നാണ് ഉവൈസ് അഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബറേലി ജില്ലയിലെ ഷെരീഫ് നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് ടിക്കാറമാണ് പരാതി നല്‍കിയതെന്ന് ഡിയോറാനിയ പോലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പുതിയ നിയമത്തിലെ 3, 5 വകുപ്പുകളും വധഭീഷണി സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ പ്രകരവുമാണ് ഉവൈസ് അഹമ്മദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച വൈകുന്നേരം ബഹേരിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രിയങ്ക അഞ്ജോര്‍ മുമ്പാകെ ഹാജരാക്കിയ ഉവൈസിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അതേസമയം ഉവൈസുമായുള്ള പ്രശ്നം കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചതാണെന്നും യുവതി മറ്റൊരാളെ വിവാഹം ചെയ്തുവെന്നും സഹോദരന്‍ കേസര്‍പാല്‍ റാത്തോഡ് പറഞ്ഞു. പഴയ കേസ് അന്വേഷിക്കുന്നതിനായി പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അവര്‍ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീടാണ് ഉവൈസിനെതിരേ കേസെടുത്തത്. തങ്ങളുടെ അറിവില്ലതെയാണ് ഉവൈസിനെതിരേ പോലീസ് പുതിയ കേസെടുത്തതെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.