ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി) ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് രാജി.
2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമായത്. കഴിഞ്ഞ വര്‍ഷം ചെയര്‍പേഴ്‌സണായി. 2029ലാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ സര്‍വിസുകളിലേക്ക് നിയമനം നടത്താനുള്ള സിവില്‍ സര്‍വിസ് പരീക്ഷ നടത്തുന്നത് യുപിഎസ്‌സിയാണ്. യുപിഎസ്‌സിയില്‍ എത്തും മുന്‍പ് ഗുജറാത്തിലെ രണ്ട് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായിരുന്നു മനോജ് സോണി.
2009 മുതല്‍ 2015 വരെ തുടര്‍ച്ചയായി രണ്ട് തവണ മനോജ് സോണി ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2008 വരെ ബറോഡ മഹാരാജ സയാജിറാവു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. എംഎസ്‌യു ബറോഡയില്‍ ജോലി ചെയ്തിരുന്ന കാലത്ത് മനോജ് സോണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിരുന്നു.