യുഎസ് തിരഞ്ഞെടുപ്പ്: 'ഇന്‍ഷാ അല്ലാഹ്' പ്രയോഗവുമായി ജോ ബിഡന്‍
'ഇന്‍ഷാ അല്ലാഹ്' എന്ന വാചകത്തിന് ദൈവം ഇഛിക്കുകയാണെങ്കില്‍ എന്നതിനൊപ്പം വ്യക്തമായ ഒരു കാലാവധി സൂചിപ്പിക്കാത്ത അര്‍ഥവുമുണ്ടെന്ന് വാര്‍ത്ത നല്‍കിയ യുഎസ് മാധ്യമങ്ങള്‍ വിശദീകരിച്ചു.
ന്യൂയോര്‍ക്ക്: യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 'ഇന്‍ഷാ അല്ലാഹ്' പ്രയോഗവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡന്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ തിരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് ജോ ബിഡന്‍ 'ഇന്‍ഷാ അല്ലാഹ്' കൊണ്ടുവന്നത്. ചര്‍ച്ചക്കിടെ, തന്റെ വ്യക്തിഗത ആദായനികുതി വിവരങ്ങള്‍ എപ്പോഴെങ്കിലും ട്രംപ് പുറത്തിറക്കുമോ എന്ന് ജോ ബിഡന്‍ ചോദിച്ചു. 'നിങ്ങള്‍ക്കത് കാണാനാകും' എന്നായിരുന്നു ട്രംപിന്റെ മറുപടി. ' എന്ന്? ഇന്‍ഷാ അല്ലാഹ്? ' എന്നായിരുന്നു ജോ ബിഡന്‍ ട്രംപിന്റെ വ്യക്തതയില്ലാത്തെ മറുപടിയോട് പ്രതികരിച്ചത്.
'ഇന്‍ഷാ അല്ലാഹ്' എന്ന വാചകത്തിന് ദൈവം ഇഛിക്കുകയാണെങ്കില്‍ എന്നതിനൊപ്പം വ്യക്തമായ ഒരു കാലാവധി സൂചിപ്പിക്കാത്ത അര്‍ഥവുമുണ്ടെന്ന് വാര്‍ത്ത നല്‍കിയ യുഎസ് മാധ്യമങ്ങള്‍ വിശദീകരിച്ചു. ജോ ബിഡന്‍ നേരത്തെ തന്റെ വ്യക്തിഗത ആദായനികുതി വിവരങ്ങള്‍ പുറത്തിറക്കിയിരുന്നു. മറുവശത്ത്, ട്രംപ് തന്റെ ആദായനികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല.
യുഎസ് തിരഞ്ഞെടുപ്പ് പ്രചരണത്തിലെ 'ഇന്‍ഷാ അല്ലാഹ്' പ്രയോഗം ട്വിറ്ററിലും തരംഗമായി. 'അമേരിക്കയിലെ ചരിത്ര നിമിഷം' എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. 'അഭൂതപൂര്‍വമായ സംഭവങ്ങളാല്‍ അടയാളപ്പെടുത്തിയ ഒരു വര്‍ഷം. 2020 ല്‍ എന്തും സാധ്യമാണ്' എന്ന് ചിലര്‍ പ്രതികരിച്ചു.