'ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ' അഥവാ ആന്തരികമായൊരു ഉറയൂരല്‍

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എന്ന രീതിയിലല്ല പുസ്തകത്തിന്റെ ആഖ്യാനം. എഴുത്തുക്കാരന്റെ ചിന്ത, ഉന്മാദം, പ്രണയം, വിരഹം ഇതെല്ലാമാണ് ഈ പുസ്തക്കതിന്റെ ആഖ്യാനരീതി. ചുഴറ്റിയെറിയുന്ന മണല്‍ക്കാറ്റുപോലെ അയാളിലെ വികാരങ്ങളുടെ വേലിയേറ്റമാണ് പുസ്തകത്തിന്റെ ആഖ്യാനം. അതിന് ക്രമങ്ങളില്ല. എങ്കിലും ക്രമാധീതമായൊരു ലാവണ്യമുണ്ട്. ആഖ്യാനത്തിനും ഭാഷയ്ക്കും.

Update: 2020-07-13 16:27 GMT

യാസിര്‍ അമീന്‍

യാത്ര.. ഹിമശീര്‍ഷങ്ങളിലൂടെ, നദികളിലൂടെ, സാഗരത്തിലൂടെ, മഞ്ഞിലൂടെ, മഴയിലൂടെ, എത്ര സഞ്ചരിച്ചാലും ഹിമാവൃതമായ സമസ്യയായി മാറുന്ന സ്വതമെന്ന ചുരത്തിലൂടെ, അങ്ങനെ അനേകം വഴികളിലൂടെ സഞ്ചരിച്ച്് കാഴ്ചകളില്‍ വിലയം പ്രാപിക്കുന്ന മാന്ത്രിക വാക്കാണ് യാത്ര.. മലയാളത്തില്‍ അനവധി സഞ്ചാര സാഹിത്യങ്ങള്‍ ജന്മംകൊണ്ടിട്ടുണ്ട്. എസ് കെ പൊറ്റേക്കാട് മുതല്‍ ഷൗക്കത്ത് വരെ, മഴപെഴ്തൊഴിഞ്ഞ കാനനപാതപോലെ നനുത്തൊരു ലിസ്റ്റ്, മലയാള സഞ്ചാരസാഹിത്യം എന്ന് ധ്യാനിക്കുമ്പോള്‍ നമുക്കവകാശപ്പെടാനുണ്ട്. അത്തരം സഞ്ചാര സാഹിത്യ സൃഷ്ടികളിലേക്ക് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് ആശാമേനോന്റെ ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ.. നിശാശലഭങ്ങളെ പ്രണയിച്ച് ഉന്മാദത്തിലാറാടുന്ന നിലാവിനെ മാത്രമല്ല സഞ്ചാരി കോറിയിടുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കും പോലെ, ഗ്രീഷ്മത്തിലെ വെയിലേറ്റ് പൊരിയുന്ന ഉത്തരേന്ത്യന്‍ ജീവിതങ്ങളേയും അയാള്‍ അടയാളപ്പെടുത്തിവക്കുന്നുണ്ട്.

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എന്ന രീതിയിലല്ല പുസ്തകത്തിന്റെ ആഖ്യാനം. എഴുത്തുക്കാരന്റെ ചിന്ത, ഉന്മാദം, പ്രണയം, വിരഹം ഇതെല്ലാമാണ് ഈ പുസ്തക്കതിന്റെ ആഖ്യാനരീതി. ചുഴറ്റിയെറിയുന്ന മണല്‍ക്കാറ്റുപോലെ അയാളിലെ വികാരങ്ങളുടെ വേലിയേറ്റമാണ് പുസ്തകത്തിന്റെ ആഖ്യാനം. അതിന് ക്രമങ്ങളില്ല. എങ്കിലും ക്രമാധീതമായൊരു ലാവണ്യമുണ്ട്. ആഖ്യാനത്തിനും ഭാഷയ്ക്കും.

രണ്ട് ഭാഗങ്ങളായാണ് പുസ്തകം. ഒന്ന് ദേശാന്തരം. രണ്ട് മൃഗതീഷ്ണ. ഒറ്റയ്ക്കും അല്ലാതെയും നടത്തിയ യാത്രകളാണ് ഒന്നാമത്തെ ഭാഗത്ത് എഴുത്തുകാരന്‍ വിവരിക്കുന്നത്. അതില്‍ ഒ.വി വിജയനുണ്ട്, എസ് കെ പൊറ്റേക്കാടുണ്ട്. എഴുത്തുകാരന്റെ ഗോപി എന്ന സ്വന്തം സഹയാത്രികനുണ്ട്. മറ്റ് അനേകം പേര്‍ വിവരണത്തില്‍ വന്നു പോകുന്നുണ്ട്. 'യാത്ര' അപരിനിലേക്കുള്ള സഞ്ചാരമായത് കൊണ്ടാവാം പ്രഥമ സ്ഥാനം എഴുത്തുകാരന്‍ നല്‍കുന്നത് അദ്ദേഹം നേരില്‍ കണ്ടതും അല്ലാത്തത്തുമായ മനുഷ്യര്‍ക്കാണ്. രണ്ടാം സ്ഥാനം മാത്രമാണ് അദ്ദേഹത്തെ ഉന്മാദിയാക്കിയ സ്ഥലങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നാം ഭാഗത്തെ ആദ്യ അധ്യായം 'അല്‍മോറയിലെ പനിനീര്‍'. ഇവിടെ, എഴുത്തുകാരന്‍ വിവരിക്കുന്നത് സഹയാത്രികന്‍ ഗോപിയുമൊത്ത് അല്‍മോറയിലെ ശ്രീരാമകൃഷ്ണാശ്രമത്തിലേക്ക് നടത്തിയ യാത്രയെ കുറിച്ചാണ്. ആതങ്കവാദികളുടെ അക്രമത്തെ ഭയന്ന് യാത്രാ മധ്യേ ബസ് പാതിരാത്രി വഴിയരികില്‍ നിര്‍ത്തിയതും ആശ്രമത്തിലെ കാരുണ്യചൊരിച്ചിലും മറ്റും അനുഭവേദ്യമായി വിവരിക്കുന്നു. നിസാര കാഴ്ചകള്‍ പോലും സാരവത്തായി ഭവിക്കുന്ന യാത്രയുടെ ആ മാന്ത്രികത എഴുത്തുകാരന്‍ ഈ അധ്യായത്തില്‍ വരച്ചിടുന്നുണ്ട്. ഓരോ യാത്രയ്ക്കവസാനവും ആന്തരികമായൊരു ഉറയൂരല്‍ ( Inner moulting) സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ഏറ്റുപറയുന്നു.

രണ്ടാം അധ്യായാത്തിന്റെ ശീര്‍ഷകം, തിയ്യതി; എന്നും.. ഒവി വിജയനുമൊത്ത് ചിലവിട്ട ഡെല്‍ഹിയിലെ തണുത്ത പ്രഭാതങ്ങളൊണ് ഈ അധ്യായത്തില്‍ എഴുത്തുകാരന്‍ ദൃശ്യവല്‍ക്കരിക്കുന്നത്. വിജയന്‍ മാഷിനോട് അവിടെ വച്ച് ഖസാക്കിന്റെ ഇതിഹാസത്തിന്റെ കോപ്പി ആവശ്യപ്പെട്ടതും അദ്ദേഹം പേര് എഴുതി ഒപ്പ് ചാര്‍ത്തി തിയ്യതി എന്നും എന്നെഴുതിയതും മുപ്പതുവര്‍ഷങ്ങള്‍പ്പുറം സഞ്ചാരി അക്ഷരങ്ങളിലൂടെ ഓര്‍ക്കുന്നു.

പിന്നീട് വരുന്ന അധ്യായം സര്‍വജ്ഞപീഠത്തിലെ കാറ്റ്. മൂകാംബികയുടെ ഓര്‍മകളിലൂടെയുള്ള യാത്രയുടെ വിവരണമാണ് ഈ അധ്യായം. കുടജാദ്രിയിലെ സര്‍വജ്ഞപീഠത്തെ തഴുകി വന്ന കാറ്റ് ആത്മീയ തരംഗങ്ങളുണ്ടാക്കിയതും അദ്ദേഹം വിവരിക്കുന്നു.

നദികളില്‍ മുങ്ങി നിവരുമ്പോള്‍ എന്ന അധ്യായത്തില്‍ ജലയാത്രകളെ കുറിച്ചാണ് എഴുത്തുകാരന്‍ പറയുന്നത്. ഗംഗയും സരസ്വതിയും നിളയും അദ്ദേഹത്തിന് ഒരുപോലെ അനുഭവവേദ്യമാകുന്നു. നിളയുടെ യൗവ്വനം അദ്ദേഹത്തിന്റെ കൗമാരമായിരുന്നെന്ന് എഴുത്തുനിടയ്ക്ക് വൃഥപ്പെടുന്നു. ഏഴു അധ്യായങ്ങളുള്ള ഒന്നാം ഭാഗത്തെ അഞ്ചാമത്തെ അധ്യായമാണ് പുസ്തകശീര്‍ഷകമായ ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ. അത് ഒരു തീര്‍ത്ഥാടനമല്ല ചരിത്രാടനമായിരുന്നെന്ന ഏറ്റു പറച്ചിലിലൂടെയാണ് ഈ അധ്യായം തുടങ്ങുന്നത്. ദ്വാരകയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. ദ്വാപരയുഗത്തിലെ ദ്വാരകയുടെ നിഴല്‍ മാത്രമാണ് കലിയുഗത്തിലെ ദ്വാരകയെന്ന് എഴുത്തുകാരന്‍ തിരിച്ചറിയുന്നുണ്ട്. ധര്‍മാധര്‍ത്തിന്റെ കലിയുഗ അവലോകനം എഴുത്തുകാരന്‍ ഈ അധ്യായത്തില്‍ നടത്തുന്നു. ഒന്നാം ഭാഗത്തില്‍ വരുന്ന അടുത്ത രണ്ട് അധ്യായങ്ങള്‍ യാത്രവിവരണം എന്നതിലുപരി യാത്രയില്‍ അറിയാനിയായ പ്രിയപ്പെട്ടവരുടെ വിയോഗത്തെ കുറിച്ചാണ്. സെന്‍ ബുദ്ധിസത്തിലാകൃഷടനായ പീറ്റര്‍ മാര്‍ത്തിസണ്‍സന്റെ ഐഹികമായ വേര്‍പാട്് സ്മരിക്കുന്നത് അവസാനത്തിലെ അധ്യായത്തിലാണ്.

രണ്ടാം ഭാഗമായ മൃഗതീഷ്ണയില്‍ അദ്ദേഹം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ ജീവതത്തിലുണ്ടായ പെണ്‍നങ്കൂരങ്ങളെ കുറിച്ചാണ്. അല്ലെങ്കില്‍ പെണ്‍ തുരുത്തുകളെ കുറിച്ച്. സൗന്ദര്യാത്മകമായ, വൈഷയികമായ കാര്യങ്ങളില്‍, ഉടലുകളുടെ മൂര്‍ച്ചയില്ലാതെതന്നെ സംഭവിച്ച ഊഷ്്മളമായ സ്തീപുരുഷ സമ്പര്‍കത്തെ കുറിച്ചാണ് അദ്ദേഹം ഈ ഭാഗത്ത് എഴുതുന്നത്. അതെല്ലാം യാത്രയുടെ പശ്ചാതലത്തില്‍ വിവരിക്കുന്നത് അദ്ദേഹം എഴുത്തുകാരന്‍ എന്നുള്ളതിലുപരി ഒരു സഞ്ചാരി ആയതിനാലാകാം..


Tags:    

Similar News