മതംമാറ്റ ആരോപണം: ഉമര്‍ ഗൗതമിന്റെ മകനെയും ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

Update: 2021-11-07 15:00 GMT

ലഖ്‌നോ: നിര്‍ബന്ധിത മതംമാറ്റം ആരോപിച്ച് ജയിലില്‍ കഴിയുന്ന ഉമര്‍ ഗൗതമിന്റെ മകനെയും അതേ കേസില്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ഗൗതം ബുദ്ധനഗറില്‍ നിന്ന് ശനിയാഴ്ചയാണ് മകന്‍ അബ്ദുല്ലയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫണ്ട് കൈകാര്യം ചെയ്തതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി എടിഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മതംമാറ്റ റാക്കറ്റിന്റെ ഭാഗമാണ് അബ്ദുല്ലയെന്നും മതംമാറിയവര്‍ക്ക് പണം നല്‍കിയിരുന്നത് ഇയാള്‍ തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

ആയിരത്തിലധികം പേരെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് ഉമര്‍ ഗൗതം, മുഫ്തി ജഹാംഗീര്‍ ഖാസ്മി എന്നിവരെ ജൂണ്‍ 21നാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇ ഡി) ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇരുവരുടേയും അറസ്‌റ്റെന്ന് മുസ്‌ലിം സമുദായ നേതൃത്വം നേരത്തെത്തന്നെ കുറ്റപ്പെടുത്തിയിരുന്നു. 

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ധനസഹായത്തോടെ ഉത്തര്‍പ്രദേശിലെ ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളെയും മറ്റ് പാവപ്പെട്ടവരെയും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഉമര്‍ ഗൗതമും മുഫ്തി ജഹാംഗീറും പങ്കാളികളാണെന്ന് എടിഎസിന്റെ അവകാശവാദം. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെയും യുവാക്കളെയും പരിവര്‍ത്തനം ചെയ്യുന്നവര്‍ക്കെതിരേ ഗുണ്ടാ ആക്റ്റും ദേശീയ സുരക്ഷാ നിയമപ്രകാരവും നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. അതേ കേസിലാണ് ഇപ്പോള്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തത്.  

Tags:    

Similar News