ഉമര്‍ ഗൗതമിന് പിന്നാലെ മകനേയും വേട്ടയാടി യുപി പോലിസ്
രോഗബാധിതനായ അബ്ദുല്ലയെ മാതാവ് ഡല്‍ഹിക്കടുത്തുള്ള നോയിഡയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യുപി പോലിസ് കസ്റ്റഡിയിലെടുത്തത്.
'തങ്ങള്‍ നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. സെക്ടര്‍ 37ല്‍ വെച്ച് യുപി പോലിസ് തങ്ങളെ തടഞ്ഞു. രോഗിയായ അബ്ദുള്ളയെ കാറില്‍ നിന്ന് വലിച്ചിറക്കി മിനുറ്റുകള്‍ക്കകം പോലിസ് വാഹനത്തില്‍ കയറ്റി' -അബ്ദുല്ലയുടെ മാതാവ് റസിയ ഗൗതം ക്ലാരിയോണ്‍ ഇന്ത്യയോട് ഫോണില്‍ പറഞ്ഞു.
പിതാവ് ഉമര്‍ ഗൗതത്തെ പ്രതി ചേര്‍ത്തിട്ടുള്ള 'മതപരിവര്‍ത്തന റാക്കറ്റിന്റെ' അന്വേഷണവുമായി ബന്ധപ്പെട്ട് അബ്ദുല്ല അറസ്റ്റ് ചെയ്തതായി യുപി എടിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുമായി അബ്ദുല്ല നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇദ്ദേഹത്തിന്റെ അക്കൗണ്ട് വഴി വിദേശ ഫണ്ട് സ്വീകരിക്കുകയും മതം മാറിയവര്‍ക്ക് പണം വിതരണം ചെയ്യുകയും ചെയ്തുവെന്ന് എടിഎസ് ആരോപിച്ചു. ഗൗതമിന്റെ ഇസ്‌ലാമിക് ദഅ്‌വ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പിന്തുണച്ചതായും എടിഎസ് ആരോപിച്ചു.
അബ്ദുല്ലയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുമ്പോള്‍ ഒരു പേപ്പറില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠനോട് പോലിസ് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. എന്നാല്‍ ഒപ്പിടാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന്, എടിഎസിന്റെ നോയിഡ ഓഫിസിലേക്ക് വരാന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോള്‍ വീണ്ടും പേപ്പറില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും അബ്ദുല്ലയെ ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിയിക്കുകയും ചെയ്തുവെന്ന് റസിയ പറഞ്ഞു.
മകനെതിരായ എടിഎസിന്റെ ആരോപണങ്ങള്‍ റസിയ നിഷേധിച്ചു. 'അവകാശവാദത്തില്‍ സത്യമില്ല. അബ്ദുല്ല സ്വന്തം പിതാവിനെ സഹായിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ്, 'അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ മകന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് റസിയ പറഞ്ഞു. 'തന്റെ മകന്‍ ഹെപ്പറ്റൈറ്റിസ് ബാധിതനാണ്. കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്ന അദ്ദേഹം വീട്ടിലെ ഭക്ഷണം മാത്രമാണ് കഴിക്കുന്നത്.പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങും. കൂടാതെ, അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും അടുത്തിടെ ശസ്ത്രക്രിയ നടത്തിയതാണെന്നും' അവര്‍ വ്യക്തമാക്കിഅറസ്റ്റിന് ശേഷം മകന് ചികിത്സയിലാണോ എന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് ഒരു വിവരവുമില്ലെന്ന് റസിയ പറഞ്ഞു. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ അനുവദിച്ചില്ല. അബ്ദുള്ളയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് അവര്‍ക്കറിയില്ല.
അബ്ദുല്ലയുടെ അറസ്റ്റില്‍ ഉമര്‍ ഗൗതമിന് വേണ്ടി കേസില്‍ ഹാജരായ അഭിഭാഷകന്‍ അബൂബക്കര്‍ സബ്ബഖ് ആശങ്ക രേഖപ്പെടുത്തി.ഇത് തട്ടിക്കൊണ്ടുപോകലല്ലാതെ മറ്റൊന്നുമല്ല, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എടിഎസ് പാലിച്ചില്ലെന്നും സബ്ബഖ് പറഞ്ഞു.
'പോലിസ് പെരുമാറ്റം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്താണ് അവരുടെ ലക്ഷ്യം? അവര്‍ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. കോടതി ഉള്ളപ്പോള്‍ അത് അവിടെ ഹാജരാക്കണം. മാധ്യമങ്ങളിലൂടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് സബ്ബാഖ് പറഞ്ഞു.