മതംമാറ്റം ആരോപിച്ച് ഉത്തര്‍പ്രദേശ് എടിഎസ്, മുസ്‌ലിം ഡോക്ടറെ മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രി യുപി എടിഎസ് 35 കാരനായ ഡോക്ടര്‍ ഫറസ് ഷായെ മതംമാറ്റശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തു. നിരവധി പേരെ രഹസ്യമായി മതംമാറ്റിയെന്ന ആരോപണത്തിന്റെ ഭാഗമായി അറസ്റ്റിലായ ഉമര്‍ ഗൗതമുമായി ഡോക്ടര്‍ ഷാക്ക് ബന്ധമുണ്ടെന്നാണ് എടിഎസ്സിന്റെ ആരോപണം. പ്രദേശത്ത് ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്ന ഡോ. ഷാ നിയമവിരുദ്ധ മതംമാറ്റത്തിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എടിഎസ് പറയുന്നു.
''ഉമര്‍ ഗൗതമും കൂട്ടാളികളും നടത്തുന്ന മതംമാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് ഡോ. ഷാ. ആദം, കൗസര്‍, അര്‍സലന്‍ തുടങ്ങിയവര്‍ക്ക് മതംമാറ്റ സിന്‍ഡിക്കേറ്റുമായി ബന്ധമുണ്ട്. ഇലക്ടോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഡോക്ടര്‍ക്ക് ഈ മതംമാറ്റ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്''- മൊബൈലിലെ വീഡിയോകള്‍ ദേശ വിരുദ്ധവും മതവിരുദ്ധവുമാണെന്നും പോലിസ് പറയുന്നു.
ഒന്നര മാസം മുമ്പാണ് ഇസ്‌ലാമിക പ്രബോധകരായ ഉമര്‍ ഗൗതമിനെയും സഹായി മുഫ്തി ജഹാംഗീര്‍ ഖാസിമിയെയും നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധസേന അറസ്റ്റുചെയ്ത് ജയിലിലടച്ചത്. എന്നാല്‍, 'നിര്‍ബന്ധിച്ച് മതംമാറ്റ' ത്തിന് ഇരയായെന്ന് പോലിസ് പറയുന്ന ആയിരം പേരില്‍ ഒരാള്‍പോലും അറസ്റ്റിലായ ഇസ്‌ലാമിക പ്രബോധകര്‍ക്കെതിരേ ഇതുവരെയായും ഒരു പരാതി പോലും പോലിസിനോടോ മാധ്യമങ്ങളോടോ പറഞ്ഞിട്ടില്ല.