കുമ്മനത്തെ തറപറ്റിച്ച ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം; സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിനുള്ള അംഗീകാരം
തിരുവനന്തപുരം: സംഘപരിവാറിന്റെ ഗുജറാത്തിനെ കെട്ടുകെട്ടിച്ച വി ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുള്ള അംഗീകാരമായിക്കൂടിയാണ്. ശിവന്‍കുട്ടിയെ പരാജയപ്പെടുത്താന്‍ സംഘപരിവാരം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പച്ചതൊടാന്‍ കഴിയാതെ പോയത് ശിവന്‍കുട്ടിയുടെ ജനപിന്തുണ കൊണ്ടുമാത്രമാണ്. പുറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും, ജനകീയ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ഇടപെടുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്. ഒട്ടും 'പ്രഫഷനല്‍ രാഷ്ട്രീയ സ്വഭാവം' ഇല്ലാത്ത നേതാവാണ് ശിവന്‍കുട്ടി. സാധാണക്കാരന്റെ ഭാഷയും രീതികളുമാണ് അദ്ദേഹത്തിന്റേത്. പണ്ട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ, പലരെയും ശിവന്‍കുട്ടി നല്ല നടപ്പിന് വിധിച്ചിട്ടുണ്ട്.
തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ് വി ശിവന്‍കുട്ടി. മികച്ച കായിക സംഘാടകന്‍, ഭരണക്കര്‍ത്താവ് എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും ഒരു 'ശിവന്‍കുട്ടി സ്പര്‍ശം' തലസ്ഥാനത്ത് ദൃശ്യം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എന്തിന് ഔദ്യോഗിക സ്ഥാനം എന്നായിരുന്നു ശിവന്‍കുട്ടിയുടെ ചോദ്യം.
രാജ്യം ശ്രദ്ധിച്ച ത്രികോണ പോരാട്ടത്തില്‍, നേമത്ത് കുമ്മനം രാജശേഖരനെ തറപറ്റിച്ച 'ജയിന്റ് കില്ലര്‍'. നിയമസഭയില്‍ ഇത് മൂന്നാമൂഴമാണ്. 2011ല്‍ നേമത്തെയും, 2006ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തെയും പ്രതിനിധീകരിച്ചു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം. സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായിരുന്നു. 1954 നവംബര്‍ 10ന് എം വാസുദേവന്‍ പിള്ളയുടെയും പി കൃഷ്ണമ്മയുടെയും മകനായി ചെറുവക്കലില്‍ ജനനം. ബിരുദധാരി. എല്‍എല്‍ബി പൂര്‍ത്തിയാക്കി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ചുമതലകള്‍ വഹിച്ചു. കേരള സര്‍വകലാശാല സെനറ്റ്, കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായിട്ടുണ്ട്.
തിരുവനന്തപുരം എയര്‍പോര്‍ട് ടാക്‌സി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ടൈറ്റാനിയം ലേബര്‍ യൂനിയന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിക്കുന്നു. തിരുവനന്തപുരം സുഭാഷ് നഗറില്‍ മുളക്കല്‍വീട്ടിലാണ് താമസം. ഇടതു ബുദ്ധിജീവിയായിരുന്ന പി ഗോവിന്ദപിള്ളയുടെ മകളും പിഎസ്‌സി അംഗവുമായ ആര്‍ പാര്‍വതിദേവിയാണ് ഭാര്യ. മകന്‍: ഗോവിന്ദ് ശിവന്‍.