കോവാക്‌സിന്‍: പ്രവാസികളുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് അജ്മല്‍ ഇസ്മായീല്‍

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കേരളത്തില്‍ തിരിച്ചെത്തിയത്. 2021 മേയ് 26 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 14,21,837 ആണ്

Update: 2021-08-11 13:49 GMT

തിരുവനന്തപുരം: കോവാക്‌സിന്‍ എടുത്ത പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാണെന്നും പ്രശ്‌നപരിഹാരത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായീല്‍. കൊവിഡ് വാക്‌സിന്റെ പേരില്‍ ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് നിലവില്‍ മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കേരളത്തില്‍ തിരിച്ചെത്തിയത്. 2021 മേയ് 26 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 14,21,837 ആണ്. ഉപജീവനം വഴിമുട്ടിയവര്‍ക്ക് തിരികെ മടങ്ങുകയല്ലാതെ വേറെ വഴിയില്ല. അതിനായി വളരെ കഷ്ടപ്പെട്ട് പലരും വാക്‌സിനെടുക്കുകയും ചെയ്തു. ഇതിനിടെയാണ് വിദേശ രാജ്യങ്ങളില്‍ പലതും കോവാക്‌സിന്‍ അംഗീകരിച്ചിട്ടില്ല എന്ന പുതിയ പ്രശ്‌നം ഉയര്‍ന്നിരിക്കുന്നത്.

വിദേശയാത്ര ലക്ഷ്യമിട്ട് രണ്ടു ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്. വീണ്ടും കോവീഷീല്‍ഡ് എടുക്കാന്‍ കഴിയുമോ, ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ തുടങ്ങി സങ്കീര്‍ണമായ പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്. നാട്ടിലെടുക്കുന്ന പ്രതിരോധ വാക്‌സിനുകള്‍ വിദേശ രാജ്യങ്ങളുള്‍പ്പെടെ അംഗീകരിക്കുന്നതാവണം എന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. പ്രവാസികള്‍ നേരിടുന്ന ഈ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്നും ഈ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News