വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതി:നിര്‍മാണം പുനരാരംഭിക്കണമെന്ന ഹരജിയില്‍ യൂണിടാക്കിനെ കക്ഷിച്ചേര്‍ക്കാന്‍ നിര്‍ദ്ദേശം
കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി കോടതി മാറ്റി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു അനില്‍ അക്കര സമര്‍പ്പിച്ച ഹരജിയില്‍ നിര്‍മാണ കരാറുകാരായ യൂണിടാക്കിനെ കക്ഷിച്ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നിര്‍മാണ പ്രവര്‍ത്തികളില്‍ നിന്നു യൂണിടാക് പിന്‍മാറുന്നുവെന്നു അറിയിച്ചതിനെ തുടര്‍ന്നു മുടങ്ങിയ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി കോടതി മാറ്റി. വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പ്പറമ്പിലാണ് ലൈഫ് പദ്ധതി പ്രകാരമുള്ള ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികളുടെ കരാറുകാരായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍, സെന്റ് വെഞ്ച്വഴ്‌സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ സ്തംഭിച്ചത്.